
തിരുവനന്തപുരം: പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച മുൻ എക്സൈസ് കമ്മീഷണർ ഡോ. വി. ശ്രീറാം സാംബശിവ റാവുവിന്റെ വിവാദ നടപടി സംസ്ഥാന സർക്കാർ റദ്ദാക്കി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) മൂന്നാമതൊരു ബാറിന് ലൈസൻസ് നൽകാൻ എക്സൈസ് കമ്മീഷണർ തീരുമാനിച്ചെങ്കിലും സർക്കാർ കടുത്ത എതിർപ്പ് ഉയർത്തിയതിനെ തുടർന്ന് ഉത്തരവായി പുറത്തിറങ്ങിയിരുന്നില്ല. ഇതിനു പിന്നാലെയാണ് ഈ നടപടി തടഞ്ഞുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.
എറണാകുളത്ത് രണ്ടും കോട്ടയത്ത് ഒന്നും ബിയർ പാർലറുകൾക്ക് വിദേശമദ്യ വിൽപ്പനയ്ക്കുള്ള ലൈസൻസ് നൽകിയ എക്സൈസ് ഉദ്യോഗസ്ഥരുടെ നിലപാടിൽ എക്സൈസ് മന്ത്രി കടുത്ത നടപടിയുമായി മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ ബാർ ലൈസൻസ് വിവാദവും പുറത്തുവന്നത്. നെടുമ്പാശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിൽ രണ്ടു പുതിയ ബാറുകൾക്ക് അനുമതി നൽകിയ വാര്‍ത്ത വിവാദമായിരുന്നു. ട്രാവൽ ഫുഡ് സർവീസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ അപേക്ഷ പരിഗണിച്ച്, എയർപോർട്ട് ലോഞ്ചുകളിൽ അനുവദിക്കുന്ന എഫ്.എൽ-7 (FL-7) ലൈസൻസ് റാവു അനുവദിക്കുകയായിരുന്നു. ഈ ഗുരുതര വീഴ്ചയെ തുടർന്നാണ് ശ്രീറാം സാംബശിവ റാവുവിനെ കമ്മീഷണർ സ്ഥാനത്തുനിന്നും നീക്കിയത്.
