
കൊച്ചി: എടയാറിൽ സിനിമാ ചിത്രീകരണത്തിനിടെ അണിയറ പ്രവർത്തകന് ദാരുണാന്ത്യം. വൈദ്യുതാഘാതമേറ്റ് ഇലക്ട്രീഷ്യനായ തൃശ്ശൂർ കാഞ്ഞാണി സ്വദേശി വിഷ്ണു (32) ആണ് മരണപ്പെട്ടത്. എടയാറിലെ ഗോഡൗണിൽ സെറ്റിട്ടായിരുന്നു ഷൂട്ടിങ്. ഉച്ചഭക്ഷണ ഇടവേള വേളയിൽ ലൈറ്റിംഗിനായുള്ള വൈദ്യുതി ക്രമീകരണങ്ങൾ നടത്തുമ്പോഴാണ് വിഷ്ണുവിന് വൈദ്യുതാഘാതമേറ്റത്.
സംഭവത്തെ തുടർന്ന് ബിനാനിപുരം പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. നാഷിദ് ഫാമി സംവിധാനം ചെയ്യുന്ന പുതിയ നിവിൻ പോളി ചിത്രത്തിന്റെ ലൊക്കേഷനിലാണ് അപകടമുണ്ടായത്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, പോളി ജൂനിയർ പിക്ചേഴ്സ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്.
