Your Image Description Your Image Description

കോഴിക്കോട്: സമസ്‌ത-ലീഗ് ഭിന്നതയില്‍ പ്രശ്‌നപരിഹാരത്തിന് തീവ്രശ്രമം. ഇരുവിഭാഗവും മുന്നോട്ടുവെച്ച ഉപാധികള്‍ ചര്‍ച്ച ചെയ്യാന്‍ അടുത്ത ദിവസം വീണ്ടും യോഗം ചേരും. അധ്യക്ഷന്മാരായ ജിഫ്രി മുത്തുകോയ തങ്ങളുടെയും സാദിഖലി തങ്ങളുടെയും സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് വീണ്ടും ചർച്ചകൾ നടക്കുക.

സ്‌കൂള്‍ സമയ മാറ്റത്തില്‍ പ്രതിരോധത്തിലാകുകയും മഹല്ല് ഫെഡറേഷന്‍ തെരഞ്ഞെടുപ്പില്‍ മറുവിഭാഗം ആധിപത്യം ഉറപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് സമവായ ചര്‍ച്ചകള്‍ക്ക് വേഗം വെയ്ക്കുന്നത്. അടിസ്ഥാന പ്രശ്‌നമായ വാഫി വാഫിയ വിഷയത്തില്‍ സമവായം വേണമെന്ന ഇരുവിഭാഗത്തിന്റെയും ആവശ്യത്തില്‍ രണ്ടാഴ്ചത്തെ സമയമാണ് സാദിഖലി തങ്ങള്‍ തേടിയത്. എന്നാല്‍ മറ്റു വിഷയങ്ങളില്‍ 40ഓളം ഉപാധികളാണ് ഇരു വിഭാഗവും മുന്നോട്ടുവെച്ചിട്ടുള്ളത്. സാദിഖലി തങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ ഒഴിവാക്കിയ ജാമിയ നൂറിയ അധ്യാപകന്‍ അസ്ഗറലി ഫൈസിയെ തിരിച്ചെടുക്കണം, മഹല്‍ ഫെഡറേഷന്‍ തെരഞ്ഞെടുപ്പില്‍ ഭരണഘടന അട്ടിമറിച്ച് മാനുവല്‍ പരിഷ്‌കരിച്ചത് ചര്‍ച്ച ചെയ്യണം എന്നിവയാണ് ഭരണപക്ഷത്തുള്ള വിഭാഗത്തിന്റെ ആവശ്യം.

ഇതിന് മറുപടിയായി സുപ്രഭാതത്തിലെ പ്രധാന ഉത്തരവാദിത്വങ്ങളില്‍ പരിഗണന വേണമെന്നും മുശാവറയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത മുസ്തഫല്‍ ഫൈസിയെ തിരിച്ചെടുക്കണമെന്നും മറുവിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. നൂറാം വാര്‍ഷിക ആഘോഷ കമ്മിറ്റികളിലെ സുപ്രധാനസ്ഥാനങ്ങളിലെ പ്രാതിനിധ്യവും ആവശ്യങ്ങളില്‍ ഉള്‍പ്പെടും. മാസങ്ങള്‍ക്ക് മുമ്പ് നടന്ന സമവായ ചര്‍ച്ച സി ഐ സി വാഫി വാഫിയ വിഷയങ്ങളില്‍ വഴിമുട്ടി നിന്നെങ്കില്‍ നിലവില്‍ അത്തരം വിഷയങ്ങളില്‍ സമവായ സാധ്യതയുണ്ട്. എന്നാല്‍ മറ്റു വിഷയങ്ങളിലെ വിട്ടുവീഴ്ചകളാകും പ്രശ്‌നപരിഹാരത്തിന്റെ പുരോഗതി നിര്‍ണയിക്കുക.

 

 

 

 

Related Posts