വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒരു ചെറിയ മീനല്ലെന്ന് ഓർമ്മിപ്പിച്ച് ബി.ജെ.പി. നേതാവ് ഷോൺ ജോർജ്. അദാനി പോർട്സിന്റെ ഓഹരികളിൽ 25 ശതമാനത്തിലധികം മറ്റൊരാൾക്ക് കൈമാറണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്നിരിക്കെ, ഇപ്പോൾ നടന്നിരിക്കുന്ന ഓഹരി ഇടപാടുകൾ സർക്കാർ അനുമതിക്ക് വിധേയമാണെന്നത് വ്യക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2015-ൽ ഉമ്മൻചാണ്ടി സർക്കാർ സംസ്ഥാന താത്പര്യങ്ങൾ പൂർണ്ണമായി സംരക്ഷിക്കാതെ ഒപ്പുവെച്ച കരാർ പുനഃപരിശോധിക്കാനുള്ള ഏറ്റവും വലിയ അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. സ്വകാര്യ കമ്പനിക്ക് മാത്രം അനുകൂലമായ രീതിയിൽ രൂപപ്പെടുത്തിയ ഏകപക്ഷീയമായ പല വ്യവസ്ഥകളും തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.
തുറമുഖ പദ്ധതി ഇന്ന് വൻ വിജയമാണെന്ന് തെളിഞ്ഞു കഴിഞ്ഞ സാഹചര്യത്തിൽ, സർക്കാർ ഈ അനുകൂല സാഹചര്യം മുതലെടുത്ത് കേരളത്തിന്റെ താത്പര്യങ്ങൾ മുൻനിർത്തി കരാർ പുതുക്കാൻ ആർജ്ജവം കാണിക്കണം. തുറമുഖം, നിയമം, ധനകാര്യം എന്നീ സുപ്രധാന വകുപ്പുകൾ മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്നതിന്റെ ഉദ്ദേശ്യം സദുദ്ദേശപരമാണെങ്കിൽ അത് സ്വാഗതാർഹമാണ്. എന്നാൽ ഈ വകുപ്പുകൾ ഒന്നിച്ച് കൈകാര്യം ചെയ്യുന്നതിന് പിന്നിൽ മറ്റെന്തെങ്കിലും അജണ്ടകളുണ്ടെങ്കിൽ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കുണ്ടായ രാഷ്ട്രീയ അനുഭവം മറക്കാതിരിക്കുന്നത് നന്നായിരിക്കുമെന്ന ശക്തമായ മുന്നറിയിപ്പും ഷോൺ ജോർജ് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു.
