ഭിന്നശേഷി കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ഭാവി ആശങ്കകൾക്ക് പരിഹാരമായി സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത രാജ്യത്തെ ആദ്യ മാതൃകാ അസിസ്റ്റീവ് വില്ലേജിന് (സംയോജിത പുനരധിവാസ ഗ്രാമം) മലപ്പുറം ജില്ലയിലെ തിരൂരിൽ തുടക്കമാകുന്നു. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ഒന്നിച്ച് താമസിക്കാനും എല്ലാവിധ പിന്തുണയും ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ശിലാസ്ഥാപനം (ഫെബ്രുവരി 26) വ്യാഴാഴ്ച വൈകുന്നേരം 4 ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും.
തിരൂർ താലൂക്കിലെ കുറുമ്പത്തോർ വില്ലേജിൽ ആതവനാട് പുത്തനത്താണി ചുങ്കം പ്രദേശത്തെ പാലക്കാട്ട് പറമ്പിലുള്ള അഞ്ചേക്കർ ഭൂമിയിലാണ് ഈ ബൃഹദ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. കേരളത്തിൽ ഏറ്റവുമധികം ഭിന്നശേഷിക്കാരുള്ള ജില്ല എന്ന പരിഗണനയിലാണ് മലപ്പുറത്തെ ആദ്യ ഗ്രാമത്തിനായി തിരഞ്ഞെടുത്തത്. എൻഡോസൾഫാൻ ദുരന്തബാധിതർക്കായി കാസർഗോഡ് നടപ്പിലാക്കിയ സ്‌നേഹഗ്രാമം പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായതിന് പിന്നാലെയാണ് സംസ്ഥാനത്തെ മൂന്ന് മേഖലകളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പുനരധിവാസ ഗ്രാമങ്ങൾ സ്ഥാപിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായി മലപ്പുറത്ത് ആദ്യത്തേതിന് തുടക്കമാകുന്നതെന്ന് സെക്രട്ടേറിയറ്റിലെ പി ആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.
65.48 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്കായി കോസ്റ്റ് ഫോർഡിന്റെ സഹായത്തോടെയാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള അസിസ്റ്റീവ് ലിവിംഗ് ഹോമുകൾക്ക് പുറമെ നിഷിന്റെ എക്സ്റ്റൻഷൻ സെന്ററും ഇവിടെ പ്രവർത്തിക്കും. ഭിന്നശേഷിക്കാരായ വ്യക്തികളുടെ സാമൂഹിക ഉൾച്ചേർക്കൽ ലക്ഷ്യമിട്ട് വൈകല്യങ്ങൾ നേരത്തേ കണ്ടെത്തി ഇടപെടൽ നടത്തുന്നതിനുള്ള സൗകര്യങ്ങളും സ്‌പെഷ്യൽ സ്‌കൂൾ, തെറാപ്പി, കൗൺസിലിംഗ് സംവിധാനങ്ങളും തൊഴിൽ പരിശീലനത്തിനും തൊഴിൽ നൈപുണ്യ വികസനത്തിനുമുള്ള കേന്ദ്രങ്ങളും ഇവിടെ ഒരുക്കും . പകൽ പരിചരണ കേന്ദ്രങ്ങളും കളിക്കളങ്ങളും സജ്ജമാക്കുന്നതിനു പുറമേ രക്ഷാകർതൃ ശാക്തീകരണ പരിപാടികൾ സംഘടിപ്പിക്കും. മാതാപിതാക്കളുടെ അഭാവത്തിൽ കുട്ടികൾക്കുള്ള സംരക്ഷണവും ഒരുക്കും.
പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണത്തിനായി അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് & വൊക്കേഷണൽ ട്രെയിനിംഗ് ബ്ലോക്ക്, ഡേ കെയർ സെന്റർ, ഹോർട്ടികൾച്ചർ ഏരിയ, റോഡ് നിർമ്മാണം എന്നിവയാണ് ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കുക. തുടർന്നുള്ള പ്രവർത്തനങ്ങൾക്കായി നബാർഡ് (NABARD-RIDF) സഹായം ലഭ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുന്നു.
ശിലാസ്ഥാപന ചടങ്ങിനോടൊപ്പം സാമൂഹ്യനീതി വകുപ്പിന്റെ ‘സഹജീവനം സഹായകേന്ദ്രം’ പ്രഖ്യാപനവും മന്ത്രി നിർവ്വഹിക്കും. ഈ സംരംഭം കൂടി യാഥാർത്ഥ്യമാകുന്നതോടെ ഭിന്നശേഷി പുനരധിവാസ-ശാക്തീകരണ മേഖലയിൽ സംസ്ഥാനത്തെ ഏറ്റവും വിപുലമായ പ്രവർത്തനങ്ങൾ നടക്കുന്ന ജില്ലയായി മലപ്പുറം മാറുമെന്ന് മന്ത്രി പറഞ്ഞു.
