ധാക്ക: പുറത്താക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വെർച്വൽ വാർത്താസമ്മേളനത്തിൽ പങ്കെടുത്തതിന് പിന്നാലെ ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാകിബ് അൽ ഹസന്റെ വീടിന് നേരെ ആക്രമണം. രാത്രി ഒൻപത് മണിയോടെ ഒരു കൂട്ടം ആളുകൾ താരത്തിന്റെ വീടിന് നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നു. ആക്രമണത്തിൽ വീടിന് നേരെ തീപിടിത്തമുണ്ടായെങ്കിലും ഉടൻ തന്നെ തീയണയ്ക്കാൻ കഴിഞ്ഞതിനാൽ വലിയൊരു നാശനഷ്ടമാണ് ഒഴിവായത്.
ബൈക്കിലെത്തിയ സംഘമാണ് ഈ അക്രമണം അഴിച്ചുവിട്ടതെന്ന് സംഭവസ്ഥലം പരിശോധിച്ച പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ നിലവിൽ പൊലീസ് കനത്ത നിരീക്ഷണത്തിലാണ്. ആക്രമണ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം ലഭിച്ചിട്ടുള്ളതെന്നും, തുടർന്ന് ഉണ്ടാകാനിടയുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി വീടിന് ചുറ്റും കൂടുതൽ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
രാഷ്ട്രീയ മാറ്റങ്ങൾക്ക് ശേഷവും ബംഗ്ലാദേശിൽ തുടരുന്ന സംഘർഷാവസ്ഥയുടെയും അക്രമങ്ങളുടെയും മറ്റൊരു ഞെട്ടിക്കുന്ന ഉദാഹരണമായിട്ടാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. പ്രമുഖ വ്യക്തികൾക്ക് നേരെ പോലും ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടാകുന്നത് കായികലോകത്തും രാഷ്ട്രീയ രംഗത്തും വലിയ ആശങ്കകളാണ് സൃഷ്ടിച്ചിരിക്കുന്നത്.
