Home » Blog » kerala Max » പ്രതിസന്ധിക്ക് വിരാമമാകുന്നുവോ? ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനുള്ള സുപ്രധാന കരാർ അന്തിമ ഘട്ടത്തിൽ
IRAN-S-680x450

ലോകത്തെ വിറപ്പിച്ച പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അയവുവരുത്തിക്കൊണ്ട്, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട കരാർ അന്തിമ ഘട്ടത്തിലാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കി ഒമാനുമായി ചേർന്ന് കപ്പൽ ഗതാഗതം പുനരാസ്ഥാപിക്കുന്നതിനുള്ള ഭൂമിശാസ്ത്രപരമായ റൂട്ടുകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഘേയി അറിയിച്ചു. ചില ബാഹ്യ ശക്തികളുടെ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ ഉടൻ തന്നെ ഇത് സംബന്ധിച്ച സംയുക്ത പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ നിർദ്ദേശപ്രകാരം, ഹോർമുസ് കടലിടുക്കിലൂടെ പ്രവേശിക്കുന്ന കപ്പലുകൾ ഇറാനോട് ചേർന്നുള്ള റൂട്ടിലൂടെയും, പുറത്തേക്ക് പോകുന്ന കപ്പലുകൾ ഒമാനോട് ചേർന്നുള്ള റൂട്ടിലൂടെയും ആയിരിക്കും സഞ്ചരിക്കുക. ഈ ജലപാതയിലൂടെയുള്ള യാത്രയ്ക്ക് യാതൊരുവിധ ടോളോ സർവീസ് ഫീസോ ഈടാക്കില്ലെന്നത് ചർച്ചകളിലെ പ്രധാനപ്പെട്ട ഒരു വഴിതിരിവാണ്. ജുനൈൽ മാസത്തിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ, 60 ദിവസത്തെ സൗജന്യ യാത്രാ കാലയളവോടെ യുഎസും ഇറാനും വീണ്ടും ചർച്ചാമേശയിലേക്ക് മടങ്ങാൻ ഈ കരാർ വഴിയൊരുക്കുമെന്നാണ് കരുതപ്പെടുന്നത്.

എന്നിരുന്നാലും, അമേരിക്കയുടെയും ഇസ്രയേലിന്റെയും ഭാഗത്തുനിന്നുള്ള ഭീഷണികളും നാവിക ഉപരോധങ്ങളും ഇപ്പോഴും സമുദ്രസുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണെന്ന് ഇറാൻ ഓർമ്മിപ്പിക്കുന്നുണ്ട്. സുപ്രധാനമായ ഈ ഊർജ്ജ പാത വീണ്ടും തുറക്കപ്പെടുന്നത് ആഗോള എണ്ണ വിപണിക്കും അന്താരാഷ്ട്ര ഷിപ്പിംഗ് മേഖലയ്ക്കും വലിയ ആശ്വാസമാകും എന്നതിൽ തർക്കമില്ല. കരാർ യാഥാർത്ഥ്യമാകുന്നതോടെ പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയ്ക്ക് വലിയ രീതിയിൽ അയവുണ്ടാകുമെന്നാണ് ലോകരാജ്യങ്ങൾ പ്രതീക്ഷിക്കുന്നത്.