Home » Blog » kerala Max » ശുദ്ധീകരിച്ച മലിനജലം ഇനി തടാകങ്ങളിലേക്ക്..! ബെംഗളൂരുവിൽ 18 തടാകങ്ങൾ നിറയ്ക്കാൻ വൻ പദ്ധതി
BANGULURU-680x450

നഗരത്തിലെ തടാകങ്ങൾ വറ്റുമ്പോൾ ഭൂഗർഭജലനിരപ്പ് ഉയർത്താൻ പുതിയ വഴി തേടി ബെംഗളൂരു. സംസ്കരിച്ച മലിനജലം നഗരത്തിലെ 18 തടാകങ്ങളിലേക്ക് എത്തിച്ച് ജലനിരപ്പ് ഉയർത്താനുള്ള പദ്ധതിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ബെംഗളൂരു ജല അതോറിറ്റിയായ ബിഡബ്ല്യുഎസ്എസ്ബിയും ചെറുകിട ജലസേചന വകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

ബിഡബ്ല്യുഎസ്എസ്ബിയുടെ സംസ്കരണ പ്ലാന്റുകളിൽ ശുദ്ധീകരിക്കുന്ന വെള്ളം പൈപ്പുകൾ വഴി തടാകങ്ങളിലെത്തിക്കാനാണ് പദ്ധതി. ഇതിനായുള്ള പൈപ്പിടൽ ജോലികൾ പുരോഗമിക്കുകയാണ്. കിട്ടന്നൂർ, ബയ്യപ്പനഹള്ളി, കിത്തഗന്നൂർ, ബിദരഹള്ളി, ചീമസന്ദ്ര, നിംബേകായിപുര, ഗുണ്ടൂർ, ദൊഡ്ഡഗുബി, യാരപ്പനഹള്ളി, ചിക്കഗുബ്ബി, കണ്ണൂരു, മണ്ഡൂരു, ജ്യോതിപുര, ആന്ദ്രഹള്ളി, സെലനകുണ്ഡെ, യെല്ലമല്ലപ്പഷെട്ടി, സീഗേഹള്ളി, വെങ്കയ്യ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്ന 18 തടാകങ്ങൾ.

നഗരത്തിലെ ഭൂഗർഭ ജലവിതാനം ഉയർത്തുക ലക്ഷ്യമിട്ട് നാല് വർഷം മുൻപാണ് സംസ്കരിച്ച മലിനജലം തടാകങ്ങളിലേക്ക് ഒഴുക്കുന്ന പദ്ധതി ആരംഭിച്ചത്. നിലവിൽ നായന്തഹള്ളി, ബെലന്തൂർ, ജക്കൂർ, ഹാരോഹള്ളി, അട്ടൂർ, വർത്തൂർ തടാകങ്ങളിലേക്ക് പ്രതിദിനം 1300 ദശലക്ഷം ലീറ്റർ സംസ്കരിച്ച ജലം എത്തിക്കുന്നുണ്ട്. കോറമംഗല–ചല്ലഘട്ട വാലി പദ്ധതിയുടെ ഭാഗമായി മലിനജല സംസ്കരണ പ്ലാന്റുകളിൽ നിന്നുള്ള വെള്ളം ബെംഗളൂരു ഗ്രാമജില്ല, കോലാർ, രാമനഗര എന്നിവിടങ്ങളിലെ തടാകങ്ങളിൽ എത്തിക്കുന്ന പദ്ധതിയായിരുന്നു ആദ്യഘട്ടത്തിൽ നടപ്പാക്കിയത്.

ആദ്യഘട്ടം വിജയകരമായതോടെയാണ് പദ്ധതി ബെംഗളൂരു നഗരത്തിലെ കൂടുതൽ തടാകങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. നഗരപരിധിയിലെ 186 തടാകങ്ങളിലെ ജലനിരപ്പ് അപകടകരമായ നിലയിലാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. തടാകങ്ങളിലേക്ക് സംസ്കരിച്ച ജലം എത്തിക്കുന്നതിലൂടെ ജലനിരപ്പ് ഉയർത്തുന്നതിനൊപ്പം ഭൂഗർഭജല ലഭ്യത മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *