ന്യൂഡൽഹി: യഥാർത്ഥ വിശ്വാസികളായ യുവതികൾ ഒരിക്കലും ശബരിമലയിൽ പോകില്ലെന്ന് സുപ്രീംകോടതി. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം തുടരുന്നതിനിടെയാണ് ജസ്റ്റിസ് ബിവി നാഗരത്ന നിർണായക പരാമർശം നടത്തിയത്. ആർക്കെങ്കിലും പോകണമെന്ന് തോന്നിയാൽ അത് കുറ്റകൃത്യമല്ലെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് മറുപടി നൽകി.
ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ചുള്ള വാദത്തിനിടെ നിരവധി നിരീക്ഷണങ്ങളാണ് സുപ്രീംകോടതി നടത്തിയത്. പത്തിനും അമ്പതിനും വയസ്സിനിടയിലുള്ള യഥാർത്ഥ അയ്യപ്പ വിശ്വാസികളായ സ്ത്രീകൾ ശബരിമലയിൽ പോകില്ലെന്ന് ജസ്റ്റിസ് ബിവി നാഗരത്ന നിരീക്ഷിച്ചു. ഒരു വിശ്വസി ദൈവത്തെ ചോദ്യം ചെയ്യുമോ? എന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളെ തുറന്നു വച്ച് പരിശോധിക്കേണ്ടതില്ലെന്നും ജസ്റ്റിസ് നാഗരത്ന വാക്കാൽ പറഞ്ഞു. ശബരിമല യുവതി പ്രവേശന പുനപരിശോധനയിൽ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം കേൾക്കുമ്പോഴായിരുന്നു സുപ്രിംകോടതിയുടെ ചോദ്യങ്ങൾ
ശബരിമലയിൽ പോയ സ്ത്രീ ഭക്തയാണോ? എന്ന് കോടതി വീണ്ടും ആവർത്തിച്ചു. ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ച് വാദം നടത്തിയ ഇന്ദിരാ ജയ്സിങ്ങിനോട് ആയിരുന്നു ചോദ്യം. ബിന്ദു അമ്മിണിയും കനകദുർഗയും കേരളത്തിൽ നിന്നുള്ളവരും ഹിന്ദുക്കളാണെന്നും ഇന്ദിരാ ജയ് സിങ്ങിന്റെ മറുപടി. സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചതിനുശേഷം ക്ഷേത്രത്തിൽ ശുദ്ധീകരണ ചടങ്ങ് നടത്തിയെന്നും സ്ത്രീ പ്രവേശനം അശുദ്ധിക്ക് കാരണമാകുമെന്ന ആശയം ഒരുതരത്തിൽ തൊട്ടുകൂടായ്മ ആണെന്നും മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് വാദിച്ചു. ഒരു യുവതിക്ക് ശബരിമലയിൽ പോകണം എന്നുള്ളത് ആഗ്രഹമല്ല മറിച്ച് സ്വാതന്ത്ര്യം ആണെന്ന് ഇന്ദിര ജയ്സിംഗ് പറഞ്ഞു. ശബരിമല പ്രവേശനം നടത്തിയ ബിന്ദു അമ്മിണിക്കും കനകദുർഗ്ഗയ്ക്കും പ്രയാസങ്ങൾ നേരിടേണ്ടിവന്നെന്നും ഇന്ദിര ജയ്സിംഗ് വിശാല ഭരണഘടന ബഞ്ചിനെ അറിയിച്ചു.
അതേസമയം, ശബരിമല യുവതീ പ്രവേശന പുനഃപരിശോധനയിൽ ഇന്നലെ പത്താം ദിവസമാണ് സുപ്രിംകോടതി വാദങ്ങൾ കേട്ടത്. സമൂഹക്രമത്തെ ബാധിക്കുന്ന മതപരമായ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരുകൾക്ക് ഇടപെടാമെന്ന് ഇന്നലെ വാദത്തിനിടെ സുപ്രിംകോടതി നിരീക്ഷിച്ചു. പൊതുജീവിതത്തേയും സാമൂഹ്യക്രമത്തേയും ബാധിക്കുന്ന പ്രവർത്തനങ്ങൾ ഉദാഹരണത്തിന് റോഡ് ബ്ലോക്കാക്കൽ ഉൾപ്പെടെയുള്ളവയെ ആചാരത്തിന്റെ ഭാഗമായി ന്യായീകരിക്കാൻ സാധിക്കില്ല. മതപതമായ കാര്യങ്ങൾക്കുള്ള അവകാശം സംരക്ഷിക്കപ്പെടണമെങ്കിൽ പ്രസ്തുത പ്രവർത്തനങ്ങൾക്ക് മതപരമായ പ്രവർത്തനത്തിന്റേതായ സ്വഭാവം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു
