Your Image Description Your Image Description

ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക ബന്ധത്തിലെ സംഘർഷങ്ങൾക്കിടയിലും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിൽ കടുത്ത വ്യാപാരത്തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ്, മോദിയുമായുള്ള സൗഹൃദം എപ്പോഴും നിലനിൽക്കുമെന്ന് ട്രംപ് പറഞ്ഞത്. ഇതിന് മറുപടിയായാണ് മോദി എത്തിയത്. ട്രംപിന്റെ ഈ വാക്കുകളെ താൻ “അഗാധമായി വിലമതിക്കുകയും പൂർണ്ണമായും പ്രതികരിക്കുകയും ചെയ്യുന്നു” എന്ന് മോദി എക്സിൽ കുറിച്ചു.

സെപ്റ്റംബർ 5 ന് ഓവൽ ഓഫീസിൽ മാധ്യമങ്ങളെ കണ്ടപ്പോൾ, ഇന്ത്യയുമായുള്ള ബന്ധം വഷളായിട്ടും പ്രധാനമന്ത്രി മോദിയുമായി താൻ എപ്പോഴും സുഹൃത്തായി തുടരുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. “പ്രസിഡന്റ് ട്രംപിന്റെ വികാരങ്ങളെയും നമ്മുടെ ബന്ധങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പോസിറ്റീവ് വിലയിരുത്തലിനെയും ഞാൻ ആഴത്തിൽ അഭിനന്ദിക്കുന്നു. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും വളരെ പോസിറ്റീവും ഭാവിയിലേക്കുള്ളതുമായ ഒരു ആഗോള തന്ത്രപരമായ പങ്കാളിത്തമുണ്ട്,” ട്രംപിന്റെ പ്രസ്താവനയുടെ വീഡിയോ ക്ലിപ്പ് പങ്കുവെച്ചുകൊണ്ട് മോദി പ്രതികരിച്ചു.

റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയെ വിമർശിച്ച ട്രംപ്, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഏകദേശം 50 ശതമാനം നികുതി ചുമത്തിയിരുന്നു. എന്നാൽ, ഇത് “അന്യായമാണ്” എന്ന് വിശേഷിപ്പിച്ച് ഇന്ത്യ തിരിച്ചടിച്ചു. ഇന്ത്യയെക്കാൾ കൂടുതൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ചൈനയ്ക്ക് ഇത്തരത്തിലുള്ള നികുതികൾ ഏർപ്പെടുത്തുന്നില്ലെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഈ വിഷയങ്ങളെല്ലാം നിലനിൽക്കെയാണ്, വ്യക്തിപരമായ ബന്ധം നിലനിർത്തുമെന്ന ട്രംപിന്റെ പ്രസ്താവന. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പുതിയ വഴികൾ തുറക്കുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.

Related Posts