
കൊച്ചി: വൈദ്യുതിവകുപ്പ് ഒരു കുരിശാണെന്ന് തന്നെ പലരും ഉപദേശിച്ചെന്നും ആ കുരിശിനെ പുഷ്പകിരീടമാക്കി മാറ്റാൻ ശ്രമിക്കുമെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കെ.എസ്.ഇ.ബി. ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം എറണാകുളം ആശിർഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
“ഒരു നിമിഷം വൈദ്യുതി തടസ്സപ്പെട്ടാൽ ജനങ്ങൾക്ക് വലിയ പ്രയാസമാണ് നേരിടുന്നത്. അതാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജനങ്ങൾ നേരിടുന്ന ദുരിതം. അവർ ഉത്കണ്ഠ പ്രകടിപ്പിക്കുമ്പോൾ അതിനെ പഴി പറയാനാകില്ല. ആന്ധ്രപ്രദേശ് അവരുടെ വൈദ്യുതി ഉപയോഗത്തിന്റെ 86 ശതമാനവും സ്വന്തമായിട്ടാണ് ഉത്പാദിപ്പിക്കുന്നത്. കേരളത്തിൽ ആവശ്യമായ ഉപഭോഗത്തിന്റെ 25 ശതമാനം മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. ധാരാളം നദികളുണ്ടായിട്ടും നമുക്ക് പ്രയോജനപ്പെടുത്താനാകുന്നില്ല. ഇടുക്കി ജലവൈദ്യുതി പദ്ധതിക്ക് ശേഷം വലിയൊരു ജല വൈദ്യുതി പദ്ധതി ആരംഭിക്കുന്നതിന് കഴിഞ്ഞിട്ടില്ല.” – മന്ത്രി പറഞ്ഞു.
