
തിരുവനന്തപുരം: കോവളം മാരത്തൺ 2026-ന്റെ ഗോൾഡ് പാർട്ണർ ആയി ഇന്ത്യയിലെ പ്രമുഖ വയർ, കേബിൾ നിർമ്മാതാക്കളായ പോളികാബ് ഇന്ത്യ ലിമിറ്റഡ്. സെപ്റ്റംബർ 12, 13 തീയതികളിൽ കോവളത്ത് വെച്ചാണ് മാരത്തണിന്റെ നാലാം പതിപ്പ്. പവർ പാർട്ണർ സ്പോൺസർ ആയാണ് കമ്പനി മാരത്തണ്ണിൽ സഹകരിക്കുന്നത്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ തിരുവനന്തപുരം ചാപ്റ്ററായ യങ് ഇന്ത്യൻസ് ആണ് മാരത്തൺ സംഘടിപ്പിക്കുന്നത്. ആരോഗ്യം, വിനോദസഞ്ചാരം, സംസ്കാരം, കായികക്ഷമതാ വളർച്ച എന്നിവ ഒത്തുചേരുന്ന ഈ പരിപാടിയിൽ 21-ലധികം സംസ്ഥാനങ്ങളിൽ നിന്നും പത്തിലേറെ രാജ്യങ്ങളിൽ നിന്നുമായി 3,500-ലധികം പേർ പങ്കെടുക്കും.
പങ്കെടുക്കുന്നവരുടെ ടി-ഷർട്ടുകൾ, റോഡ് സൈനേജുകൾ, എക്സ്പോ ബാനറുകൾ, ഫിനിഷേഴ്സ് ഫോട്ടോ വാൾ, മറ്റ് ഡിജിറ്റൽ പ്രൊമോഷനുകൾ എന്നിവയിലെല്ലാം പോളികാബിന്റെ ബ്രാൻഡിംഗ് ഉണ്ടായിരിക്കും. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിയന്ത്രണം, മാലിന്യ സംസ്കരണം, ബീച്ച് ശുചീകരണം, സൗരോർജ്ജ ഉപയോഗം എന്നിവയ്ക്ക് മുൻഗണന നൽകുന്നതിനൊപ്പം മാരത്തൺ വിജയകരമായി പൂർത്തിയാക്കുന്ന ഓരോ മത്സരാർത്ഥിക്കും ഓരോ വൃക്ഷത്തൈ നൽകുമെന്നതും 2026-ലെ കോവളം മാരത്തണിന്റെ പ്രത്യേകതയാണ്.
ആരോഗ്യകരമായ ജീവിതശൈലിക്ക് പോളികാബ് എക്കാലവും വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് പോളികാബ് ഇന്ത്യ ബി ടു ബി ചാനൽ & കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ ഡയറക്ടറും സിഇഒയുമായ ശശി അമീൻ പറഞ്ഞു. ഫിറ്റ്നസ്, ആരോഗ്യം തുടങ്ങിയ കൂട്ടായ്മകളിലൂടെ ഉപഭോക്താക്കളുമായി മികച്ച ബന്ധം സ്ഥാപിക്കാൻ ഇത് മികച്ച അവസരമൊരുക്കുന്നു. ജനങ്ങളെ ഒരുമിപ്പിക്കുന്ന ഇത്തരം വേദികളിലൂടെ ഉപഭോക്താക്കളുമായി കൂടുതൽ അടുക്കുകയെന്ന ഞങ്ങളുടെ നിരന്തര ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ പവർ പാർട്ണർഷിപ്പ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
