Home » Blog » kerala Max » വിളനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്കായി പ്രത്യേകം ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കും;വനം മന്ത്രി എ.കെ ശശീന്ദ്രന്‍
images - 2026-02-20T173311.146

ബെള്ളൂര്‍ ഗ്രാമ പഞ്ചായത്തിലെ അര്‍ത്തിക്കുടിലു മുതല്‍ ദേശമൂല സ്ഥാപിച്ച ഒന്‍പത് കിലോ മീറ്റര്‍ സൗരോര്‍ജ്ജവേലി വനം- വന്യജീവി വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു

 

കാര്‍ഷിക വിളകള്‍ക്കുള്ള നാശനഷ്ടത്തിന് ലഭിക്കുന്ന തുക പരിമിതമായതിനാല്‍ വിളനാശം സംഭവിക്കുന്ന വനമേഖലയിലെ കര്‍ഷകര്‍ക്ക് വേണ്ടി പ്രത്യേകം ഇന്‍ഷൂറന്‍സ് സംവിധാനം ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ധതി നടപ്പിലാകുന്നതോടെ കര്‍ഷകര്‍ക്ക് വളരെ ആശ്വാസമാകുമെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ബെള്ളൂര്‍ ഗ്രാമ പഞ്ചായത്തിലെ അര്‍ത്തിക്കുടിലു മുതല്‍ ദേശമൂല വരെയുള്ള ഒന്‍പത് കിലോ മീറ്റര്‍ ദൂരത്തില്‍ പൂര്‍ത്തിയാക്കിയ സൗരോര്‍ജ്ജവേലി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൃഷി വകുപ്പും ഗ്രാമ പഞ്ചായത്തും സാമ്പത്തിക സഹായം നല്‍കിയതോടെ സോളാര്‍വേലി നിര്‍മ്മാണം വളരെ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. കേരളത്തലെ വനമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളോടൊപ്പം ചേര്‍ന്ന് സോളാര്‍ വേലിയൊരുക്കാന്‍ സഹകരിച്ച കൃഷി വകുപ്പിനും ഗ്രാമ പഞ്ചായത്തിനും മന്ത്രി നന്ദി പറഞ്ഞു. കാട്ടു പോത്ത് പോലുള്ള ജീവികളെ ജനവാസ മേഖലയില്‍ നിന്ന് തുരത്തുന്നതിന് ശാസ്ത്രീയമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

 

വനം വകുപ്പും പൊതുജനങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ വിവിധ പദ്ധതികളാണ് നടന്നു വരുന്നത്. സംസ്ഥാനത്ത് വനഭൂമിയോട് ചേര്‍ന്നുള്ള 241 ഗ്രാമ പഞ്ചായത്തുകളില്‍ തീവ്രയജ്ഞ പരിപാടി സംഘടിപ്പിച്ചു. അത് രണ്ട് ഘട്ടം കഴിഞ്ഞ് മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. മൂന്നാം ഘട്ടത്തില്‍ ജനകീയ പങ്കാളിത്തത്തോടെ വന്യമൃഗ പ്രശ്‌നങ്ങളിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും. ലഭ്യമായ എല്ലാ സംവധാനങ്ങളും ഉപയോഗിച്ച് കര്‍ഷകരുടെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള അടിയന്തിര നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നതെന്നും മന്ത്രി പറഞ്ഞു.

 

കുളത്തിപ്പാറ ഓപ്പണ്‍സ്റ്റേജ് പരിസരത്ത് നടന്ന ചടങ്ങില്‍ ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.മാലിനി അധ്യക്ഷത വഹിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ഉഷ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജയാനന്ദ കൂള, ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. ശ്രീധര, സത്യവതി റായി, എന്‍.സുകുമാര, സുലൈഖ, എം.ചൈത്ര, എം. ശ്രീപതി, കാസര്‍കോട് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ പി.രാഘവേന്ദ്ര, സാമൂഹിക വനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി.ബി ഉദയ സൂര്യന്‍, കാറഡുക്ക കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ബി.ഗിരീഷ്, ബെള്ളൂര്‍ കൃഷി ഓഫീസര്‍ എം.വി അദ്വൈത്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എ.കെ കുശല, എം.രാമചന്ദ്രന്‍, കെ.പി രവീന്ദ്രനാഥ ഷെട്ടി, എം.എച്ച് മുഹമ്മദ് ഹാജി എന്നിവര്‍ സംസാരിച്ചു. ഐ.എഫ്.എസ് ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി.എന്‍ അഞ്ജന്‍ കുമാര്‍ സ്വാഗതവും കാസര്‍കോട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോയി മാത്യു നന്ദിയും പറഞ്ഞു.

 

വന്യജീവികളുടെ കടന്നുകയറ്റം തടയാന്‍ ശാസ്ത്രീയ പ്രതിരോധ സംവിധാനം; സൗരോര്‍ജ്ജ വേലി

 

കാസര്‍കോട് ഫോറസ്റ്റ് ഡിവിഷനിലെ കാസര്‍കോട് റെയ്ഞ്ച് പരപ്പ സെക്ഷനില്‍, ബെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷകരുടെ ദീര്‍ഘകാല ആശങ്കകള്‍ക്ക് പരിഹാരമായി നടപ്പിലാക്കിയ ഒമ്പത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൗരോര്‍ജ്ജ വേലി മനുഷ്യ വന്യജീവി സംഘര്‍ഷം രൂക്ഷമായ പ്രദേശത്ത് കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തോടെ സാക്ഷാത്കരിച്ച മാതൃകാപദ്ധതിയാണിത്. പരപ്പ സെക്ഷന് കീഴിലുള്ള അര്‍ത്ഥി കുഡ്‌ലു മുതല്‍ ദേശമൂല വരെയുള്ള പ്രദേശം പ്രധാനമായും നെല്‍കൃഷിയെ ആശ്രയിച്ചുള്ള മേഖലയാണ്. കഴിഞ്ഞ വര്‍ഷങ്ങളിലായി കാട്ടുപോത്ത് ഉള്‍പ്പെടെയുള്ള വന്യജീവികളുടെ കടന്നുകയറ്റം മൂലം കൃഷിനാശം വ്യാപകമായി. ഇതോടെ നിരവധി കര്‍ഷകര്‍ ഉപജീവനമാര്‍ഗമായ കൃഷി ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥയുണ്ടായി. ഇതിനിടെയാണ് വന്യജീവികളെ കൃഷിയിടങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ശാസ്ത്രീയ പ്രതിരോധ സംവിധാനം എന്ന നിലയില്‍ സൗരോര്‍ജ്ജ വേലി സ്ഥാപിക്കാന്‍ വനംവകുപ്പ് മുന്‍കൈ എടുത്തത്.

 

കൃഷിവകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത സഹകരണത്തോടെയാണ് പദ്ധതി യാഥാര്‍ഥ്യമായത്. കൃഷിവകുപ്പിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജന (RKVY) പദ്ധതിയില്‍ നിന്ന് 37 ലക്ഷം രൂപയും ബെള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് 1.88 ലക്ഷം രൂപയും ഉള്‍പ്പെടെ ധനസഹായം ലഭ്യമാക്കി. തദ്ദേശീയ പങ്കാളിത്തം ഉറപ്പാക്കി ഘട്ടംഘട്ടമായി നിര്‍മാണം പൂര്‍ത്തിയാക്കി. വന്യജീവി ആക്രമണ ഭീതിയില്ലാതെ നെല്‍കൃഷിയും അനുബന്ധ കാര്‍ഷിക പ്രവര്‍ത്തനങ്ങളും തുടരാന്‍ കര്‍ഷകര്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ് പദ്ധതി. വന്യജീവികളെ വനപരിധിക്കുള്ളില്‍ നിലനിര്‍ത്തുന്നതിലൂടെ മനുഷ്യവന്യജീവി സംഘര്‍ഷം ഗണ്യമായി കുറയ്ക്കാനാകും. കൃഷിനാശം കുറയുന്നതോടെ കര്‍ഷകരുടെ സാമ്പത്തിക നില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.