
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസിന്റെ വിചാരണയ്ക്കിടെ ആറു സാക്ഷികൾ കൂറുമാറി. പ്രതികളുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവരാണ് കോടതിയിൽ പ്രതികൾക്ക് അനുകൂലമായി മൊഴി നൽകിയത്. പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 10 മുതൽ 15 വരെ സാക്ഷികളെ കൂറുമാറിയവരായി പ്രഖ്യാപിച്ചു.
ആറാം പ്രതി പി.എം. റെജീബിന്റെ അയൽക്കാരൻ മുഹമ്മദ് അബ്ദുൾ, ഏഴാം പ്രതി അബ്ദുൾ നാസറിന്റെ അയൽക്കാരൻ സിറാജ്, എട്ടാം പ്രതി ആദിൽ ഉപയോഗിച്ച ഇരുചക്രവാഹനത്തിന്റെ ആർ.സി ഉടമ അമാൻ മൊയ്തീൻ, സഹോദരൻ നൗഫാൻ മൊയ്തീൻ, പന്ത്രണ്ടാം പ്രതി മുഹമ്മദ് ഷഹീമിന്റെ ഭാര്യ റൂബിയ, പതിനാറാം പ്രതി സനിദ് ജോലി ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരൻ ശ്രീനാഥ് എന്നിവരാണ് കൂറുമാറിയത്. ഇവരെ തിങ്കളാഴ്ചയാണ് (16-11-2026) കോടതി വിസ്തരിച്ചത്.
പ്രതികളുമായുള്ള അടുപ്പമാണ് സാക്ഷികൾക്ക് അനുകൂല മൊഴി നൽകാൻ കാരണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് കോടതിയിൽ ചൂണ്ടിക്കാട്ടി. പൊലീസ് രേഖകളിൽ ഒപ്പിട്ടിട്ടില്ലെന്നും ഒപ്പിട്ട സ്ഥലം മാറ്റിപ്പറഞ്ഞെന്നുമാണ് ചില സാക്ഷികളുടെ മൊഴി. കേസിലെ എട്ടാം പ്രതിക്ക് ഇരുചക്രവാഹനം വിറ്റിട്ടില്ലെന്ന് അമാനും നൗഫാനും നിഷേധിച്ചു. മുഹമ്മദ് ഷഹീം ബൈക്ക് ഉപയോഗിക്കാറില്ലെന്നും ഒളിവിൽ പോയിട്ടില്ലെന്നും ഭാര്യ റൂബിയ മൊഴി നൽകി. സനിദ് ഒളിവിൽ പോയതിനെക്കുറിച്ച് അറിയില്ലെന്നാണ് ശ്രീനാഥ് പറഞ്ഞത്.
പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് കേസ് പരിഗണിക്കുന്നത്. കേസിലെ സാക്ഷിവിസ്താരം ചൊവ്വാഴ്ചയും(17-11-2026) തുടരും.
