Home » Blog » Kerala » വാഹന മോഡിഫിക്കേഷനിൽ പുതിയ നയം; നിറംമാറ്റത്തിന് അനുമതി, നിയമലംഘനത്തിന് വാഹനം പിടിച്ചെടുക്കും
images (40)

തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനുകളുമായി ബന്ധപ്പെട്ട് പുതിയ ഇളവുകളും അതിനൊപ്പം തന്നെ കർശനമായ മുന്നറിയിപ്പുകളുമായി ഗതാഗത വകുപ്പ്. മോഡിഫിക്കേഷനുകളുടെ കാര്യത്തിൽ സർക്കാർ പൊതുവെ ലിബറൽ ആയ സമീപനമാണ് സ്വീകരിക്കുന്നതെങ്കിലും, ലഭിക്കുന്ന അനുമതികൾ ദുരുപയോഗം ചെയ്യുകയോ അത് അപകടങ്ങളിലേക്ക് വഴിമാറുകയും ചെയ്താൽ വാഹനം കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു.

 

പ്രധാനമായും വാഹനങ്ങൾക്ക് പുറത്തേക്ക് വലിയ ശബ്ദത്തിൽ പാട്ട് കേൾപ്പിക്കുന്ന രീതിയിലുള്ള സ്പീക്കറുകൾ ഘടിപ്പിക്കുന്നതിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിൽ വലിയ ശബ്ദത്തിൽ പാട്ട് വെച്ച് അതിന് പുറത്ത് നൃത്തം ചെയ്യുന്നതിനിടെ വണ്ടി അബദ്ധത്തിൽ മുന്നോട്ടെടുത്ത് കുട്ടി മരിച്ച ദാരുണസംഭവം ചൂണ്ടിക്കാട്ടിയാണ് ഗതാഗത വകുപ്പിന്റെ ഈ അടിയന്തര നടപടി. വാഹനത്തിന് പുറത്തേക്ക് വലിയ രീതിയിൽ ശബ്ദമലിനീകരണവും അപകടസാധ്യതയും ഉണ്ടാക്കുന്ന ഇത്തരം സ്പീക്കറുകൾ ഘടിപ്പിച്ചവർ അത് ഉടൻ തന്നെ അഴിച്ചുമാറ്റണം. അല്ലാത്തപക്ഷം ഏത് സമയത്തും മോട്ടോർ വാഹന വകുപ്പ് വാഹനം പിടിച്ചെടുക്കുമെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകി.

 

അതേസമയം, വാഹനങ്ങളുടെ ബോഡി കളർ മാറ്റുന്നതുൾപ്പെടെയുള്ള മോഡിഫിക്കേഷനുകളിൽ കൂടുതൽ ഇളവുകൾ നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. നിറം മാറ്റുന്നത് സംബന്ധിച്ച് ചില സാങ്കേതിക കാര്യങ്ങൾ കൂടി ക്രമീകരിക്കാനുണ്ട്. ഇതിന്റെ കൃത്യമായ വിവരങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും അടങ്ങിയ ഔദ്യോഗിക വിജ്ഞാപനം ഗതാഗത വകുപ്പ് പിന്നീട് പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.