Home » Blog » Kerala » വയലിന്റെ നടുവിലായാണ് വെടിക്കെട്ട് കേന്ദ്രം പ്രവര്‍ത്തിച്ചത്, വയലിലൂടെ വേണം ഇവിടേക്ക് എത്താന്‍, ഇത് രക്ഷാപ്രവര്‍ത്തനത്തിനും തീയണക്കുന്നതിനും വലിയ വെല്ലുവിളിയായി
30

തൃശൂര്‍: “ആദ്യം ഭൂമികുലുക്കമാണെന്നാണ് ഞങ്ങള്‍ കരുതിയത്. സ്ഥലത്തേക്ക് അടുക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. സ്ഥലത്ത്‌ ആളുകളുടെ കയ്യും കാലുമെല്ലാം ചിതറിയ നിലയിലായിരുന്നു. വീടുകളിലൊക്കെ പ്രകമ്പനമുണ്ടായി” – പരിസരവാസികളുടെ വാക്കുകൾ. മുണ്ടത്തിക്കോട് വയലിന്റെ നടുവിലായാണ് വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മിക്കുന്ന കേന്ദ്രം പ്രവര്‍ത്തിച്ചത്. വയലിലൂടെ വേണം ഇവിടേക്ക് എത്താന്‍. ഇത് രക്ഷാപ്രവര്‍ത്തനത്തിനും തീയണക്കുന്നതിനും വലിയ വെല്ലുവിളിയായി. വന്‍ സ്‌ഫോടനമുണ്ടായി ഒരു മണിക്കൂറിന് ശേഷവും തീയണക്കാന്‍ സാധിച്ചിട്ടില്ല. സ്ഥലത്ത് നിരവധി തുടര്‍സ്‌ഫോടനങ്ങളുമുണ്ടായി.

‘വാഹനത്തില്‍ വരികയായിരുന്നു ഞാന്‍. സ്‌ഫോടനമുണ്ടായപ്പോള്‍ വണ്ടി ഉള്‍പ്പെടെ കുലുങ്ങി. അത്രയും ശക്തിയിലായിരുന്നു സ്‌ഫോടനം. ആദ്യം വലിയൊരു പൊട്ടിത്തെറിയുണ്ടായി. അതിന് പിന്നാലെ രണ്ട് തവണകൂടി വീണ്ടും വലിയ സ്‌ഫോടനമുണ്ടായി. പാടത്തിന്റെ നടുവില്‍ ഒരു ദ്വീപ് പോലെയാണ് വെടിക്കെട്ടുപുരയുള്ള സ്ഥലം. ആംബുലന്‍സിനും ഫയര്‍ഫോഴ്‌സിനും നേരിട്ട് എത്താന്‍ പറ്റില്ല’ -സ്ഥലത്തുണ്ടായിരുന്ന മറ്റൊരാള്‍ പറഞ്ഞു.

തുടര്‍സ്‌ഫോടനങ്ങളും ആര്‍ത്തനാദങ്ങളും കണ്ടുനില്‍ക്കാനല്ലാതെ അടുത്തേക്ക് പോലും പോകാനാകാത്ത സാഹചര്യമായിരുന്നു നാട്ടുകാര്‍ക്ക്. തിരുവമ്പാടി വെടിക്കെട്ട് ലൈസന്‍സി മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലാണ് അപകടം നടന്നത്. അഞ്ച്‌ പേര്‍ മരിച്ചതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ എട്ട് പേരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് 40 ഓളം പേര്‍ ജോലിചെയ്യുന്നുണ്ടായിരുന്നു.