
മുംബൈ: ഹിൽ സ്റ്റേഷനായ ലോണാവാലയിൽ 70 കോടി രൂപ വിലമതിക്കുന്ന 3.86 ഏക്കർ ഭൂമി സ്വന്തമാക്കി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ. പ്രോപ്പർട്ടി രജിസ്ട്രേഷൻ ഡാറ്റാ പ്ലാറ്റ്ഫോമായ സാപ്കി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം മൂന്ന് വ്യത്യസ്ത കൈമാറ്റ ആധാരങ്ങൾ വഴിയാണ് ഈ വൻ ഭൂമി ഇടപാട് നടന്നിരിക്കുന്നത്. ഇതിൽ ഭൂമിക്ക് പുറമെ 2,100 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടവും ഉൾപ്പെടുന്നു.
ലോണാവാലയിലെ മാവൾ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഈ ഭൂമി ആകെ 1.68 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ളതാണ്. ഇതിൽ 3.09 ഏക്കർ വരുന്ന പ്രധാന ഭാഗത്തിന്റെ 100 ശതമാനം ഉടമസ്ഥാവകാശത്തിനായി 63.69 കോടി രൂപയാണ് സച്ചിൻ നൽകിയത്. ബാക്കി രണ്ട് വസ്തുക്കൾ 50 ശതമാനം പങ്കാളിത്തത്തിലാണ് സ്വന്തമാക്കിയത്. നന്ദൻ ധനഞ്ജയ് മേത്ത, വിവസ്വത് ധനഞ്ജയ് മേത്ത എന്നിവരിൽ നിന്നാണ് ഭൂമി വാങ്ങിയത്. ഈ ഇടപാടിനായി മാത്രം 4.20 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായും 90,000 രൂപ രജിസ്ട്രേഷൻ ഫീസായും സച്ചിൻ അടച്ചിട്ടുണ്ട്. മുംബൈയിൽ നിന്നും പൂനെയിൽ നിന്നും എളുപ്പത്തിൽ എത്താനാകുന്ന ലോണാവാല പ്രമുഖരുടെയും വൻകിട നിക്ഷേപകരുടെയും പ്രധാന ആകർഷണ കേന്ദ്രമാണ്.
