Home » Blog » Kerala » ഏഷ്യൻ ഗെയിംസ് താമസം; പഞ്ചനക്ഷത്ര സൗകര്യമില്ലെങ്കിലും പ്രശ്നമില്ലെന്ന് വ്യക്തമാക്കി ബി.സി.സി.ഐ
Untitled design (14)_20250602131357_original_image_15

ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ താമസസൗകര്യവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് ഒടുവിൽ വിരാമം. ഫൈവ് സ്റ്റാർ സൗകര്യങ്ങളല്ലെങ്കിലും സംഘാടകർ ഒരുക്കിയിട്ടുള്ള താമസസൗകര്യങ്ങളിൽ ബിസിസിഐ തൃപ്തി രേഖപ്പെടുത്തിയതായി ബോർഡ് സെക്രട്ടറി രാജീവ് ശുക്ല അറിയിച്ചു. താരങ്ങൾക്ക് പ്രത്യേക ഹോട്ടൽ സൗകര്യം വേണമെന്ന ബിസിസിഐയുടെ ആവശ്യം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തള്ളിയതിനെത്തുടർന്നാണ് നിലവിലെ ധാരണ.

 

നഗോയയിൽ നിശ്ചിത എണ്ണം ഹോട്ടലുകൾ ലഭ്യമല്ലാത്തതാണ് താമസസൗകര്യത്തിൽ ആശങ്ക ഉയർത്തിയത്. ടോക്കിയോയിലോ ഒസാക്കയിലോ മുറികൾ എടുത്താൽ മത്സരസ്ഥലത്തേക്ക് ബുള്ളറ്റ് ട്രെയിനിൽ ഒന്നര മണിക്കൂറോളം സഞ്ചരിക്കേണ്ടി വരുമെന്നതിനാലാണ് സംഘാടകർ നിർദ്ദേശിച്ച സ്ഥലത്ത് തന്നെ താമസിക്കാൻ തീരുമാനിച്ചതെന്ന് രാജീവ് ശുക്ല പറഞ്ഞു. ഒളിമ്പിക് അസോസിയേഷനും ജപ്പാൻ ക്രിക്കറ്റ് അസോസിയേഷനും ചേർന്ന് താത്കാലിക വില്ലകളും കോസ്റ്റ സെറീന എന്ന ക്രൂയിസ് കപ്പലുമാണ് കായികതാരങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.

 

പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിച്ചതായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയും സ്ഥിരീകരിച്ചു. ഗ്രൗണ്ട്, പിച്ച്, ഡ്രെസ്സിങ് റൂം എന്നിവയുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകൾ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രതിനിധികൾ നേരിട്ടെത്തി സന്ദർശനം നടത്തി പരിഹരിച്ചതായും ബോർഡ് വ്യക്തമാക്കി. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെ നഗോയയിലും ഐച്ചിയിലുമായി നടക്കുന്ന ഗെയിംസിനായി പരമ്പരാഗത രീതിയിലുള്ള ഗെയിംസ് വില്ലേജ് ഇത്തവണ ഒരുക്കിയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *