പെരിയ: മാറ്റിവെച്ച ലോട്ടറി ടിക്കറ്റിന് 30 ലക്ഷം രൂപയുടെ സമ്മാനം ലഭിച്ച വിവരം യഥാർത്ഥ ഉടമയെ അറിയിച്ച് മാതൃകയായ ലോട്ടറി സ്റ്റാൾ ഉടമ ടി. സജിത്തിന് നാട്ടുകാരുടെ ആദരം. പെരിയയിലെ കുലവൻ ലോട്ടറി സ്റ്റാൾ നടത്തുന്ന പാറപ്പള്ളി കുമ്പളയിലെ സജിത്തിന്റെ സത്യസന്ധത വലിയ സഹായമായത് അർബുദ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ കുടുംബത്തിനാണ്.
കേരള ഭാഗ്യക്കുറിയുടെ ബുധനാഴ്ച നടന്ന ധനലക്ഷ്മി നറുക്കെടുപ്പിൽ രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ലഭിച്ചത് സജിത്തിന്റെ സ്റ്റാളിൽ നിന്നു വിറ്റ ടിക്കറ്റിനായിരുന്നു. പതിവായി ഫോൺ ചെയ്ത് ടിക്കറ്റുകൾ മാറ്റിവെക്കാൻ ആവശ്യപ്പെടുന്ന തടത്തിലെ ബിജുവിനായി സൂക്ഷിച്ച ടിക്കറ്റിനാണ് ഭാഗ്യം ലഭിച്ചത്. മകൾ അൻവിതയുടെ ചികിത്സയ്ക്കായി ബിജു തിരുവനന്തപുരത്തായതിനാൽ ടിക്കറ്റിന്റെ കാര്യത്തിൽ ശ്രദ്ധിക്കാനായിരുന്നില്ല.
മകളുടെ തുടർ ചികിത്സയ്ക്കാവശ്യമായ വലിയ സാമ്പത്തിക ബാധ്യത നേരിടുന്നതിനിടെയാണ് കുടുംബത്തെ തേടി ഈ ഭാഗ്യം എത്തിയത്. തിരുവനന്തപുരം ആർ.സി.സി.യിൽ ചികിത്സയിൽ കഴിയുന്ന അൻവിതയ്ക്കായി നാട്ടുകാർ ചേർന്ന് ചികിത്സാ സഹായനിധിയും രൂപവത്കരിച്ചിരുന്നു.
