Home » Blog » kerala Max » ലോക്ഭവനിൽ മാംസാഹാരത്തിന് വിലക്കോ! പുതിയ ഗവർണറുടെ നിർദേശത്തിൽ വിവാദം
KERAAG-680x450

തിരുവനന്തപുരം: പുതിയ കേരള ഗവർണർ ഓംപ്രകാശ് മാഥൂർ ചുമതലയേൽക്കുന്നതിന് മുമ്പ് ലോക്ഭവനിൽ നൽകിയ നിർദേശമാണ് ഇപ്പോൾ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. ലോക്ഭവനിൽ മത്സ്യവും മാംസവും ഉപയോഗിക്കരുതെന്ന് നിർദേശിച്ചതായാണ് പുറത്തുവന്ന വിവരം. ഗവർണറുടെ നടപടിക്കെതിരെ കോൺഗ്രസ്, സി.പി.എം നേതാക്കൾ രംഗത്തെത്തിയതോടെ സംഭവം രാഷ്ട്രീയ ചർച്ചയായി. എന്നാൽ, ജീവനക്കാർക്ക് മാംസാഹാരത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ലെന്നാണ് ലോക്ഭവന്റെ വിശദീകരണം.

ഗവർണർ പൂർണ സസ്യാഹാരിയാണ്. മുൻ ഗവർണർമാരായ രാജേന്ദ്ര ആർലേക്കർ മത്സ്യം കഴിച്ചിരുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ മാംസാഹാരം ഉപയോഗിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ലോക്ഭവനിലെ മറ്റ് ജീവനക്കാർ സസ്യേതര ഭക്ഷണം കഴിക്കരുതെന്ന നിബന്ധന മുൻപ് ഉണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു. ഭക്ഷണരീതിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എം.പി. വിമർശിച്ചു. ഓരോരുത്തർക്കും ഇഷ്ടമുള്ള ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും അവകാശമുണ്ടെന്നും അത് തടയാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷണം കഴിക്കുന്നത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ വർഗീയത കലർത്തുന്നത് സംഘപരിവാർ അജൻഡയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതികരിച്ചു. ഓരോരുത്തരുടെയും സൗകര്യത്തിനനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണരീതിയുമായി ബന്ധപ്പെട്ട് വ്യക്തികളുടെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നതിനെതിരെയാണ് നേതാക്കളുടെ വിമർശനം.

അതേസമയം, മാംസാഹാരത്തിന് വിലക്കുണ്ടെന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് ലോക്ഭവൻ വ്യക്തമാക്കി. ജീവനക്കാർക്ക് ഇഷ്ടമുള്ള ഭക്ഷണം വീട്ടിൽനിന്ന് കൊണ്ടുവരുന്നതിനോ പുറത്തുനിന്ന് വാങ്ങി കഴിക്കുന്നതിനോ വിലക്കില്ലെന്നും വിശദീകരിച്ചു. പുതിയ ഗവർണർ ചുമതലയേൽക്കുമ്പോൾ അദ്ദേഹത്തിന്റെ ഭക്ഷണശീലങ്ങൾ ജീവനക്കാർ ചോദിച്ചറിയുന്ന പതിവ് മാത്രമാണുള്ളതെന്നും അതിനെ വിലക്കായി വ്യാഖ്യാനിക്കുന്നത് നിർഭാഗ്യകരമാണെന്നും ലോക്ഭവൻ വൃത്തങ്ങൾ അറിയിച്ചു. ഇതോടെ, ഗവർണറുടെ ഭക്ഷണശീലങ്ങളെക്കുറിച്ചുള്ള നിർദേശം വിലക്കായി പ്രചരിച്ചതാണോ എന്ന ചർച്ചയും ശക്തമായി.

Leave a Reply

Your email address will not be published. Required fields are marked *