ഗായ്ഘട്ട: പശ്ചിമ ബംഗാളിലെ വടക്കൻ 24 പർഗാനാസ് ജില്ലയിലുള്ള ഗായ്ഘട്ട മണ്ഡലത്തിൽ വോട്ടെടുപ്പിനിടെ നാടകീയ രംഗങ്ങൾ. പരമ്പരാഗത വസ്ത്രമായ ലുങ്കി ധരിച്ചെത്തിയ വോട്ടർമാരെ കേന്ദ്ര സേനാംഗങ്ങൾ ബൂത്തിൽ കടക്കാൻ അനുവദിച്ചില്ല. പ്രായമായ വോട്ടർമാരെപ്പോലും വസ്ത്രധാരണത്തിന്റെ പേരിൽ തടഞ്ഞുവെച്ചത് വൻ പ്രതിഷേധത്തിന് ഇടയാക്കി. ഗോബർദംഗയ്ക്ക് സമീപമുള്ള കുച്ചുലിയ പ്രൈമറി സ്കൂളിലെ പോളിംഗ് ബൂത്തിലാണ് സംഭവം.
വോട്ട് ചെയ്യാൻ ലുങ്കി ധരിച്ചെത്തിയ മുതിർന്ന പൗരന്മാരോട് പാന്റ്സ് ധരിച്ച് വരാൻ സുരക്ഷാ ഉദ്യോഗസ്ഥർ നിർദേശിച്ചു. 78 വയസുകാരനായ ദിഷാർ അലി മൊണ്ടൽ എന്ന വോട്ടറെ ഇത്തരത്തിൽ തടഞ്ഞു. കഴിഞ്ഞ 30 വർഷമായി ലുങ്കി ധരിച്ചാണ് താൻ വോട്ട് ചെയ്യുന്നതെന്നും ആദ്യമായാണ് ഇത്തരമൊരു അനുഭവം ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒടുവിൽ പേരക്കുട്ടിയുടെ പാന്റ്സ് ധരിച്ച് എത്തിയാണ് അദ്ദേഹത്തിന് വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞത്. 80 വയസ്സുകാരനായ ഗണേഷ് മജൂംദാറിനും സമാനമായ അനുഭവം നേരിടേണ്ടി വന്നു.
കാർഷിക ഗ്രാമമായ കുച്ചുലിയയിൽ ലുങ്കി എന്നത് സാധാരണ വസ്ത്രമാണെന്നും വോട്ടെടുപ്പിന് പ്രത്യേക ഡ്രസ്സ് കോഡ് ഒന്നും നിലവിലില്ലെന്നും ഗ്രാമവാസികൾ [പറയുന്നു. കേന്ദ്ര സേനയുടെ നടപടി വോട്ടർമാരെ ഉപദ്രവിക്കുന്നതിന് തുല്യമാണെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി. സംഭവം വിവാദമാവുകയും നാട്ടുകാർ പ്രതിഷേധിക്കുകയും ചെയ്തതോടെ കേന്ദ്ര സേന ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചു. തുടർന്ന് ലുങ്കി ധരിച്ചെത്തിയവർക്ക് വോട്ട് ചെയ്യാൻ അനുവാദം നൽകി. എന്നാൽ ഈ വിഷയത്തിൽ പ്രതികരിക്കാൻ പ്രിസൈഡിംഗ് ഓഫീസറോ സുരക്ഷാ ഉദ്യോഗസ്ഥരോ തയ്യാറായില്ല.
