Home » Blog » Business » യുഎഇ-ഇന്ത്യ വിമാന നിരക്കിൽ 35% വർധന; പ്രവാസികൾക്ക് തിരിച്ചടി
18

ദുബൈ: ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് എത്തുന്നുണ്ടെങ്കിലും ടിക്കറ്റ് നിരക്ക് കുറയാത്തത് പ്രവാസികൾക്ക് തിരിച്ചടിയാകുന്നു. ഈ സമയങ്ങളിൽ സാധാരണ കുറഞ്ഞ നിരക്ക് ലഭ്യമാകാറുള്ളതാണെങ്കിലും ഇത്തവണ നിരക്കിൽ 30 മുതൽ 35 ശതമാനം വരെ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യാത്രക്കാർ കുറവുള്ള ഏപ്രിൽ മാസത്തിൽ ഇത്രയും വലിയ നിരക്ക് വർധനവ് അസാധാരണമാണെന്ന് ട്രാവൽ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.

ഇന്ധനവില വർധനവും വിമാനങ്ങളുടെ എണ്ണം കുറഞ്ഞതുമാണ് നിരക്ക് ഉയരാൻ പ്രധാന കാരണം. ഏതാനും മാസങ്ങൾക്ക് മുമ്പ് 300 മുതൽ 400 ദിർഹം വരെ (10,000 രൂപ) ഉണ്ടായിരുന്ന വൺവേ ടിക്കറ്റുകൾക്ക് ഇപ്പോൾ പല റൂട്ടുകളിലും 1,300 മുതൽ 1,800 ദിർഹം വരെ (46,000 രൂപ) നൽകേണ്ടി വരുന്നു. ഇന്ത്യയിലെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കാണ് കൂടുതൽ നിരക്ക്. പ്രത്യേകിച്ച് കൊച്ചിയിലേക്കാണ് ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്നത്.

മുംബൈ, ഡൽഹി സെക്ടറുകളിൽ 1,000 മുതൽ 1,500 ദിർഹം വരെ നിരക്കുള്ളപ്പോൾ കൊച്ചിയിലേക്കുള്ള യാത്രയ്ക്ക് പലപ്പോഴും 2,000 ദിർഹത്തിന് (50,000 രൂപ) മുകളിലാണ്. മെയ് ഒന്നിനോടടുപ്പിച്ച് കൊച്ചിയിൽ നിന്നുള്ള മടക്കയാത്രയ്ക്ക് 4,114 ദിർഹം വരെ (ഒരു ലക്ഷം) എത്തിയതായും റിപ്പോർട്ടുകളുണ്ട്. വ്യോമപാത സാധാരണനിലയിലേക്ക് മടങ്ങുന്ന സാഹചര്യത്തിൽ ലഭ്യമായ സീറ്റുകളേക്കാൾ കൂടുതൽ യാത്രക്കാരുള്ളതും നിരക്ക് വർധനയ്ക്ക് കാരണമാകുന്നു. ഓഫ് സീസണിലും വലിയ തുക നൽകേണ്ടി വരുന്നത് പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്.

എമിറേറ്റ്സ്, ഇത്തിഹാദ് തുടങ്ങിയ ഫുൾ സർവീസ് എയർലൈനുകളെയാണ് പലരും ആശ്രയിക്കുന്നത്. ഇതിലെ ഇക്കോണമി സീറ്റുകൾ വേഗത്തിൽ വിറ്റുതീരുന്നതിനാൽ പല ദിവസങ്ങളിലും ബിസിനസ്, പ്രീമിയം സീറ്റുകൾ മാത്രമാണ് ലഭ്യമാകുന്നത്. ജൂൺ പകുതിയോടെ സ്കൂൾ അവധിയും ആരംഭിക്കുന്നതിനാൽ തിരക്ക് വീണ്ടും വർധിക്കും. ഇതോടെ വരും മാസങ്ങളിലും നിരക്ക് കുറയാൻ സാധ്യതയില്ലെന്നാണ് ട്രാവൽ ഏജൻസിക്കാർ വിലയിരുത്തുന്നത്.