
കൊച്ചി: പാലാരിവട്ടം എസ്.എച്ച്.ഒക്കെതിരെ ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്ന് കാണിച്ച് കോടതിയെ സമീപിച്ച് നടി അൻസിബ ഹസ്സൻ. കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടാണ് അൻസിബ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. നടി ലക്ഷ്മിപ്രിയക്കെതിരെയുള്ള കേസിൽ ഹൈക്കോടതി നിർദേശിച്ചിട്ടും എസ്.എച്ച്.ഒ. സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള കുറ്റം ചുമത്തിയില്ലെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചുവെന്ന് കാട്ടി നടി ലക്ഷ്മിപ്രിയക്കെതിരെ അൻസിബ നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നുവെങ്കിലും സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ഉൾപ്പെടുത്തിയിരുന്നില്ല. അശ്ലീല പരാമർശങ്ങൾ ചേർത്ത് ലക്ഷ്മിപ്രിയ തനിക്കെതിരെ വ്യക്തിയധിക്ഷേപം നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് സംസാരിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് അൻസിബ ആദ്യം പൊലീസിനെ സമീപിച്ചിരുന്നത്. എന്നാൽ പൊലീസ് നടപടിയെടുക്കാതിരുന്നതിനെ തുടർന്ന് അവർ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളപ്പെടുകയായിരുന്നു.
ഇതിന് പിന്നാലെ അൻസിബ നൽകിയ അപ്പീൽ പരിഗണിച്ച ഹൈക്കോടതി, പരാതി വീണ്ടും പരിശോധിച്ച് മേൽനടപടി സ്വീകരിക്കാൻ കീഴ്ക്കോടതിക്ക് നിർദേശം നൽകുകയായിരുന്നു. അൻസിബയുടെ പരാതി വളരെ ഗൗരവമുള്ളതാണെന്നും, ഇതിൽ ഉടനടി എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് ശക്തമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് കോടതി ഉത്തരവ് നടപ്പിലാക്കാത്തതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് എസ്.എച്ച്.ഒ.-ക്കെതിരെ വീണ്ടും നിയമനടപടികളുമായി നടി മുന്നോട്ട് പോകുന്നത്.
