
പത്തനംതിട്ട കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റ് ദിൽഷയെ സുഹൃത്ത് ജിത്തു കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. കുളത്തൂപ്പുഴ സ്വദേശിനിയായ ദിൽഷയാണ് (20) കൊല്ലപ്പെട്ടത്. കീഴൂകര സ്വദേശിയായ ജിത്തുവിനെയാണ് പൊലീസ് പിടികൂടിയത്. പ്രണയനൈരാശ്യമാണ് സംഭവത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഉച്ചയ്ക്ക് ഒന്നരയോടെ റിസോർട്ടിലെത്തിയ ജിത്തു ദിൽഷയെ പുറത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ജിത്തു ദിൽഷയെ ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.
