Home » Blog » kerala Max » റെയിൽവേ പാർക്കിംഗ് കരാറുകളിൽ വൻ വെട്ടിപ്പ്; കോടികളുടെ ടേൺഓവർ തട്ടിപ്പും ജിഎസ്ടി വെട്ടിപ്പും പുറത്ത്
train

തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിങ് ഫീസ് പിരിവിന്റെ കണക്കുകൾ പരിശോധിച്ചപ്പോൾ പുറത്തുവന്നത് കോടികളുടെ വ്യത്യാസം. സംസ്ഥാനത്തെ റെയിൽവേ പാർക്കിങ് കേന്ദ്രങ്ങളിൽ ജിഎസ്ടി വകുപ്പ് നടത്തിയ പരിശോധനയിൽ പ്രാഥമികമായി 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. യഥാർഥ പാർക്കിങ് വരുമാനത്തേക്കാൾ വളരെ കുറഞ്ഞ ടേൺഓവറാണ് ജിഎസ്ടി റിട്ടേണുകളിൽ കാണിച്ചതെന്നും പരിശോധനയിൽ കണ്ടെത്തി.

സെപ്റ്റംബർ 16ന് സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ സംയുക്തമായാണ് പരിശോധന നടത്തിയത്. റെയിൽവേ പരിസരങ്ങളിൽ പാർക്കിങ് സേവനം നൽകുന്ന 22 നികുതിദായകരുടെ പ്രധാന വ്യാപാര സ്ഥാപനങ്ങൾ, അധിക വ്യാപാര സ്ഥലങ്ങൾ, വീടുകൾ എന്നിവയുൾപ്പെടെ 69 ഇടങ്ങളിലായിരുന്നു പരിശോധന. റിട്ടേണുകളിൽ രേഖപ്പെടുത്തിയതും യഥാർഥത്തിൽ ലഭിച്ചതുമായ വരുമാനത്തിൽ വലിയ വ്യത്യാസം കണ്ടെത്തിയതോടെ ഏകദേശം 42 കോടി രൂപയുടെ ടേൺഓവർ വെട്ടിപ്പും 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പും പ്രാഥമികമായി കണ്ടെത്തുകയായിരുന്നു. ഒന്നിലധികം ക്യു.ആർ കോഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

22 നികുതിദായകരിൽ 13 പേരുടെ വ്യാപാര ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ബന്ധപ്പെട്ട സോഫ്റ്റ്‌വെയറുകളിൽനിന്നാണ് ശേഖരിച്ചത്. മറ്റുള്ളവരുടെ അക്കൗണ്ട് ബുക്കുകൾ, രജിസ്റ്ററുകൾ, മൊബൈൽ ചാറ്റുകൾ എന്നിവയും ഉദ്യോഗസ്ഥർ പരിശോധിച്ചു. ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

റെയിൽവേ പാർക്കിങ്ങിൽ മാത്രം അന്വേഷണം ഒതുങ്ങില്ലെന്നാണ് ജിഎസ്ടി വകുപ്പിന്റെ നീക്കം. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകൾ, ആശുപത്രികൾ, മാളുകൾ, തിയേറ്ററുകൾ എന്നിവിടങ്ങളിലെ ആയിരത്തിലധികം വാഹന പാർക്കിങ് കേന്ദ്രങ്ങളുടെ വിവരങ്ങളും ജിഎസ്ടി ഇന്റലിജൻസ് വിഭാഗം ശേഖരിച്ചിട്ടുണ്ട്. നികുതി വെട്ടിപ്പ് സംശയിക്കുന്ന കേന്ദ്രങ്ങളിൽ വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് സംസ്ഥാന ജിഎസ്ടി കമ്മീഷണർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *