
വാഷിങ്ടൺ: റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ കടുത്ത തീരുവകളും ഉപരോധങ്ങളും ഏർപ്പെടുത്താനുള്ള നീക്കത്തിൽ താൽക്കാലിക ഇളവ് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ സാമ്പത്തിക തിരിച്ചടിയാകുമായിരുന്ന നിയന്ത്രണങ്ങളിലാണ് ട്രംപിന്റെ നിർണായക നീക്കം. ഇതുസംബന്ധിച്ച് അമേരിക്ക പുതിയ എക്സിക്യൂട്ടീവ് ഉത്തരവും പുറത്തിറക്കി. ദേശീയ താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് ഗ്രഹാം ആക്ടിലെ വ്യവസ്ഥകളിൽ നിന്ന് താൽക്കാലിക ഇളവ് അനുവദിക്കുന്നതെന്ന് വെള്ളിയാഴ്ച രാത്രി പുറത്തിറക്കിയ ഉത്തരവിൽ ട്രംപ് വ്യക്തമാക്കി. ഇതുസംബന്ധിച്ച സാക്ഷ്യപത്രം യുഎസ് കോൺഗ്രസിന് സമർപ്പിച്ചതായും അദ്ദേഹം അറിയിച്ചു.
അതേസമയം, ഉപരോധങ്ങൾ പൂർണമായി റദ്ദാക്കിയിട്ടില്ല. അവയുടെ നടപ്പാക്കൽ താൽക്കാലികമായി നിർത്തിവെച്ചതിനാൽ, സാഹചര്യം മാറിയാൽ ഭാവിയിൽ നിയന്ത്രണങ്ങൾ വീണ്ടും കൊണ്ടുവരാനും ട്രംപിന് കഴിയും. റഷ്യയിൽനിന്ന് വൻതോതിൽ ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ട് കടുത്ത നടപടികൾ സ്വീകരിക്കാനായിരുന്നു നിയമത്തിലെ വ്യവസ്ഥകൾ. ഇന്ത്യ, ചൈന, സ്ലൊവാക്യ, ഹംഗറി, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താനും റഷ്യൻ ഊർജ ഉൽപ്പന്നങ്ങളുടെ അമേരിക്കൻ ഇറക്കുമതിക്ക് 500 ശതമാനം വരെ തീരുവ ഏർപ്പെടുത്താനും നിയമം അധികാരം നൽകിയിരുന്നു. ഒക്ടോബർ 18-ന് അവസാനിക്കാനിരുന്ന ഒരു മാസത്തെ സമയപരിധിക്ക് തൊട്ടുമുമ്പാണ് ഇളവ് പ്രഖ്യാപിച്ചത്.
റഷ്യയുടെ യുദ്ധത്തിനുള്ള സാമ്പത്തിക സ്രോതസ്സുകൾ തടയുക, ബാങ്കിങ് മേഖലയെയും ഊർജ മേഖലയെയും സമ്മർദത്തിലാക്കുക എന്നിവയായിരുന്നു നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഇന്ത്യയ്ക്കെതിരെ 100 ശതമാനം അധിക തീരുവ ചുമത്തിയിരുന്നെങ്കിൽ, നിലവിലുള്ള 10 ശതമാനം തീരുവയ്ക്കു പുറമെ അത് രാജ്യത്തിന് വലിയ സാമ്പത്തിക ബാധ്യതയകുമായിരുന്നു.
