
ഡൽഹി: ഗ്രേറ്റർ നോയിഡയിൽ മൂന്നു കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മഹേഷ് (37), ഭാര്യ ലളിത (35), മക്കളായ ലദ്ദു (11), മിഷ്തി (7), സക്ഷത് (3) എന്നിവരാണ് മരണപ്പെട്ടത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച (ഒക്ടോബർ 17) രാവിലെയാണ് രബുപുര മേഖലയിലെ നഗ്ല ശ്രീ പാദം ഗ്രാമത്തിലുള്ള വീട്ടിൽ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരം ലഭിച്ചയുടൻ പൊലീസും ആംബുലൻസും ഭക്ഷ്യസുരക്ഷാ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. ഫൊറൻസിക് സംഘം വീട്ടിൽ നിന്ന് ശാസ്ത്രീയ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. മഹേഷും കുടുംബവും രാത്രിയിൽ ന്യൂഡിൽസ് കഴിച്ചിരുന്നതായി അയൽവാസികളും മഹേഷിന്റെ മാതാവും പൊലീസിനെ അറിയിച്ചു. മരണപ്പെട്ടവരുടെ വായിൽ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫൊറൻസിക് പരിശോധനാഫലവും വന്നാൽ മാത്രമേ മരണകാരണം കൃത്യമായി സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
