<strong>എറണാകുളം</strong>: നഗരപ്രദേശങ്ങളിലും കോർപ്പറേഷൻ പരിധിയിലും രാത്രികാലങ്ങളിൽ ശബ്ദമലിനീകരണവും ഭീതിയും സൃഷ്ടിക്കുന്ന ബൈക് അഭ്യാസികൾക്കെതിരെ മോട്ടോർ വാഹന വകുപ്പിൻ്റെ (എം.വി.ഡി) നടപടി.
നിയമവിരുദ്ധമായി മത്സര ഓട്ടങ്ങളും അഭ്യാസപ്രകടനങ്ങളും നടത്തുന്ന സംഘങ്ങളെ ലക്ഷ്യമിട്ട് ആർ.ടി.ഒ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ രാത്രികാല മിന്നൽ പരിശോധന നടത്തി. അഞ്ച് സ്ക്വാഡുകളായി തിരിഞ്ഞ് ജൂലൈ 31 രാത്രി ആരംഭിച്ച പരിശോധന പുലർച്ചെ അഞ്ച് മണി വരെ നീണ്ടുനിന്നു. കലൂർ സ്റ്റേഡിയം ലിങ്ക് റോഡ്, ചാത്യാത്ത് ക്വീൻസ് വാക്ക് വേ, മറൈൻ ഡ്രൈവ്, കടവന്ത്ര, പനമ്പിള്ളി നഗർ എന്നീ പ്രധാന കേന്ദ്രങ്ങളിലായിരുന്നു മിന്നൽ പരിശോധന.
രാത്രി 11 മണിക്ക് ശേഷമാണ് സൈലൻസറുകളിൽ മാറ്റം വരുത്തി വലിയ ശബ്ദമുണ്ടാക്കുന്ന ബൈക്കുകൾ എത്തുന്നത്. ഇതു മൂലം കുഞ്ഞുങ്ങൾക്കും വയോധികർക്കും ഉറങ്ങാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ തുടർച്ചയായി പരാതി നൽകിയിരുന്നു. പരിശോധന നടത്തിയ 80-ഓളം വാഹനങ്ങളിൽ 35 എണ്ണത്തിൽ നിരോധിച്ച സൈലൻസറുകളും 20 വാഹനങ്ങളിൽ മറ്റ് നിയമലംഘനങ്ങളും കണ്ടെത്തി.ക്യാമറയിൽ പെടാതിരിക്കാൻ വ്യാജമായി നിർമ്മിച്ചതും മറച്ചുപിടിച്ചതുമായ നമ്പർ പ്ലേറ്റുകൾ, മടക്കിവെക്കാൻ കഴിയുന്ന ബ്രാക്കറ്റുകൾ, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുള്ള ഹാൻഡിൽബാർ-ബോഡി മാറ്റങ്ങൾ എന്നിവയാണ് പ്രധാനമായും കണ്ടെത്തിയത്.
നിയമലംഘനം നടത്തിയ വാഹന ഉടമകൾക്കെതിരെ ഇ-ചെല്ലാൻ തയ്യാറാക്കി ആകെ 2,20,500 രൂപ പിഴ ചുമത്തി.
തുടർന്നും നിയമലംഘനം നടത്തുന്നവരുടെ ഡ്രൈവിംഗ് ലൈസൻസും വാഹനങ്ങളുടെ ആർ.സിയും റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ശ്രീ ബിജു ഐസക് അറിയിച്ചു. വരും ദിവസങ്ങളിലും നഗരത്തിലെ പ്രധാന പാതകളിലും പൊതുയിടങ്ങളിലും എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പരിശോധന തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
