Home » Blog » Kerala » മെൻസ്ട്രൽ കപ്പിൽ എംഡിഎംഎ നിറച്ച് സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചു കടത്തി, ഗ്രാമിന് 4,000 രൂപ നിരക്കിൽ വില്പനയും; എറണാകുളത്ത് യുവതിയും സുഹൃത്തും പിടിയിൽ
5

കൊച്ചി: മെൻസ്ട്രൽ കപ്പിനുള്ളിൽ എംഡിഎംഎ ഒളിപ്പിച്ച് കടത്തിയ സംഘം എക്സൈസ് പിടിയിൽ. ആലപ്പുഴ തൃക്കുന്നപ്പുഴ വില്ലേജ് കൊട്ടേമുറി ദേശം പാണ്ടികശാലയിൽ വീട്ടിൽ മുഹമ്മദ് ഷാഫി (29), ആലപ്പുഴ സ്വദേശിനി സരിത (30) എന്നിവരാണ് അറസ്റ്റിലായത്. വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 94.032 ഗ്രാം എംഡിഎംഎ ഇവരിൽനിന്ന് പിടിച്ചെടുത്തു.

എറണാകുളം സൗത്ത് ഭാഗത്തെ ഒരു ലോഡ്ജിൽനിന്ന് 65.27 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് ഷാഫിയെ ആദ്യം എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിൽനിന്ന് വലിയ തോതിൽ ലഹരിവസ്തുക്കൾ എത്തിച്ച് എറണാകുളത്തെയും ആലപ്പുഴയിലെയും വിവിധ ലോഡ്ജുകളിൽ മുറിയെടുത്ത് വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ രീതിയെന്ന് എക്സൈസ് അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇരുവരും എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

മെൻസ്ട്രൽ കപ്പിൽ എംഡിഎംഎ നിറച്ച് ഒരു ഭാഗം അടച്ചശേഷം ശരീരത്തിൽ ഒളിപ്പിച്ചാണ് സരിത ലഹരി കടത്തിയിരുന്നതെന്ന് എക്സൈസ് കണ്ടെത്തി. ബെംഗളൂരുവിൽനിന്ന് എംഡിഎംഎയുമായി ഇരുവരും ബസിൽ വരുന്നതിനിടെ കണ്ണൂർ ഇരിട്ടിയിൽ പരിശോധന നടന്നിരുന്നു. പരിശോധനയ്ക്കിടെ ഷാഫി കൈവശമുണ്ടായിരുന്ന ലഹരിവസ്തു ഉപേക്ഷിച്ചെങ്കിലും സരിത ഒളിപ്പിച്ചിരുന്ന ലഹരി കണ്ടെത്താനായില്ല. തുടർന്ന് ലഹരിയുമായി ഇരുവരും എറണാകുളത്ത് വിൽപ്പനയ്ക്കായി എത്തുകയായിരുന്നു. എറണാകുളത്തെ ലോഡ്ജിൽ എക്സൈസ് പരിശോധന നടത്തുമ്പോൾ സരിത ആലപ്പുഴയിൽ എംഡിഎംഎ വിൽക്കാൻ പോയിരുന്നു. സരിത തിരിച്ചെത്തുന്നതിനായി കാത്തുനിന്ന എക്സൈസ് സംഘം രാത്രി 10.30ഓടെ ഇവരെ പിടികൂടി.

തുടർന്നുള്ള ചോദ്യം ചെയ്യലിൽ വിൽപ്പനയ്ക്കായി കൊണ്ടുപോയ എംഡിഎംഎ ആലപ്പുഴയിലെ ഒരു വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് സരിത വെളിപ്പെടുത്തി. തുടർന്ന് എക്സൈസ് സംഘം സരിതയുമായി ആലപ്പുഴയിലെത്തി നടത്തിയ പരിശോധനയിൽ 28.76 ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തി. രണ്ടുപേരിൽ നിന്നും ആകെ 94.032 ഗ്രാം എംഡിഎംഎയും ഒരു മൊബൈൽ ഫോണും ലഹരി വിൽപ്പനയിലൂടെ ലഭിച്ച 17,770 രൂപയും പിടിച്ചെടുത്തു. ഗ്രാമിന് 4,000 രൂപ നിരക്കിലാണ് ഇവർ എംഡിഎംഎ വിൽപ്പന നടത്തിയിരുന്നതെന്നും എക്സൈസ് വ്യക്തമാക്കി.

ഇതിനുമുമ്പ് ഹോം നഴ്സായി ജോലി ചെയ്തിരുന്നയാളാണ് സരിത. മുഹമ്മദ് ഷാഫി ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. ഇവരിൽനിന്ന് എംഡിഎംഎ വാങ്ങിയിരുന്നവരെക്കുറിച്ചും എക്സൈസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവർ നിലവിൽ നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എറണാകുളം എക്സൈസ് ഇൻസ്പെക്ടർ അഭിരാജ് ആറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പി.ജി. അനൂപ്, സിവിൽ എക്സൈസ് ഓഫീസർമാരായ സിദ്ധാർത്ഥ് എസ്, അമൽ, അർജുൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിൻസി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിഷ്ണു എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.