ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമൂഹമാധ്യമ വീഡിയോയ്ക്ക് താഴെ പരിഹാസ കമന്റുമായി കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത്ത് ദീപ്കെ. ‘നിങ്ങളുടെ ചർമ്മം ഈ രാജ്യത്തിന്റെ ഭാവിയേക്കാൾ തിളക്കമുള്ളതാണ്’ എന്നായിരുന്നു മോദിയുടെ വീഡിയോയ്ക്ക് താഴെ ദീപ്കെ കുറിച്ചത്.
പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയതിനെ പ്രശംസിച്ച് മോദി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയാണ് ദീപ്കെയുടെ കമന്റ്. കൂടുതൽ വിശ്വസനീയമായ പരീക്ഷാ സംവിധാനം ഒരുക്കുന്നതിനും ചോദ്യപ്പേപ്പർ ചോർച്ച മാഫിയകളെ നേരിടുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പാണ് ബിൽ പാസാക്കിയതെന്നായിരുന്നു മോദിയുടെ പ്രതികരണം.
വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദ്യപ്പേപ്പർ ചോർച്ച ബില്ലുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. വിശ്വസനീയമായ പരീക്ഷാ സംവിധാനം ഉറപ്പാക്കുന്നതിനായി സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് വീഡിയോയിൽ മോദി പറഞ്ഞു. പ്രത്യേക ടാസ്ക് ഫോഴ്സുകൾ രൂപീകരിക്കുന്നതും ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുന്നതും സംസ്ഥാനങ്ങളുടെ നിർദേശങ്ങൾ ഉൾക്കൊള്ളുന്നതും ഉൾപ്പെടെ നിരവധി നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്തുടനീളമുള്ള സർക്കാരുകളെ പതിറ്റാണ്ടുകളായി ചോദ്യപ്പേപ്പർ ചോർച്ച വേട്ടയാടുകയാണെന്നും പരീക്ഷകളുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാൻ വിദ്യാഭ്യാസ മേഖലയിൽ പരിഷ്കാരങ്ങൾ ആവശ്യമാണെന്നും മോദി പറഞ്ഞു. സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയെ പരിഹസിച്ച് അഭിജിത്ത് ദീപ്കെ നേരത്തെയും രംഗത്തെത്തിയിരുന്നു. മോദി പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായി മാറണമെന്നായിരുന്നു ദീപ്കെയുടെ പരിഹാസം. ഇൻഫ്ലുവൻസർ എന്ന നിലയിൽ മോദി തന്റെ ജോലി നന്നായി ചെയ്യുന്നുണ്ടെന്നും മറ്റൊരാൾ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടും ദീപ്കെ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. വിദ്യാർഥികളെ ലക്ഷ്യമിടുന്നത് സർക്കാർ അവസാനിപ്പിക്കണമെന്നും വിദ്യാർഥികൾ ഭീകരവാദികളല്ലെന്നും രാജ്യത്തിന്റെ ഭാവിയാണെന്നും ദീപ്കെ പറഞ്ഞിരുന്നു.
