കൽപറ്റ: മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിൽ നാല് പ്രതികൾ കുറ്റക്കാരെന്ന് കോടതി. കേസിലെ 1, 3, 5, 11 പ്രതികളെയാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്. 23 മുതൽ 57 വരെയുള്ള പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. കുറ്റക്കാരായ പ്രതികൾക്കുള്ള ശിക്ഷ അൽപസമയത്തിനകം പ്രഖ്യാപിക്കും.
ഗീതാനന്ദൻ, ബിനു, രമേശൻ കോയാലിപ്പുര, അനിൽകുമാർ എന്നിവരാണ് കുറ്റക്കാരായി കണ്ടെത്തപ്പെട്ടത്. കേസിലെ രണ്ടാം പ്രതിയായ അശോകനാണ് വിനോദിനെ അവസാനമായി വെട്ടിയതെന്നും അതാണ് മരണത്തിന് കാരണമായതെന്നും കോടതി വ്യക്തമാക്കി. എന്നാൽ അശോകൻ നേരത്തെ മരിച്ചതിനാൽ അദ്ദേഹത്തിനെതിരെ ശിക്ഷ വിധിക്കില്ല. വിനോദിന്റെ കൊലപാതകത്തിൽ ഗൂഢാലോചന നടന്നതായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു. മറ്റ് പ്രതികൾക്കെതിരെയും കുറ്റം തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ലഭിച്ചില്ല.
പ്രതികളെ ഹാജരാക്കുന്നതിലും കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിലും മരിച്ച പ്രതികളുടെ വിവരങ്ങൾ സ്ഥിരീകരിക്കുന്നതിലുമുണ്ടായ കാലതാമസമാണ് കേസ് നീണ്ടുപോകാൻ പ്രധാന കാരണമായത്. എം. ഗീതാനന്ദൻ ഒന്നാം പ്രതിയായ കേസിൽ ആകെ 57 പ്രതികളാണുള്ളത്. ഇതിൽ 13 പേർ ഇതിനകം മരിച്ചു. ഒരാളെ കാണാതായതായും രേഖകളിലുണ്ട്. ഫോറസ്റ്റർ ശശിധരനെ മാരകമായി പരുക്കേൽപ്പിക്കൽ, വനത്തിൽ അതിക്രമിച്ചു കയറൽ, കുറ്റകരമായ ഗൂഢാലോചന, പൊലീസുകാർക്ക് പരുക്കേൽപ്പിക്കൽ തുടങ്ങിയ 13 കുറ്റങ്ങളാണ് കേസിൽ ഉൾപ്പെടുത്തിയിരുന്നത്.
എറണാകുളം സിബിഐ കോടതിയിൽ ആരംഭിച്ച വിചാരണ ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവിനെ തുടർന്നാണ് കൽപറ്റ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. സിബിഐക്കുവേണ്ടി പ്രോസിക്യൂട്ടർ ബോബി ജോസഫും പ്രതികൾക്കുവേണ്ടി അഭിഭാഷകരായ ടി.എം. റഷീദും വി.ജി. ലൈജുവും ഹാജരായി.
അഞ്ചേക്കർ ഭൂമി നൽകുമെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് 2003 ജനുവരി അഞ്ചിന് മുത്തങ്ങയിൽ ഭൂസമരം ആരംഭിച്ചത്. സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഗോത്ര ഊരുകളിൽനിന്നുള്ള 825 കുടുംബങ്ങളിലെ നാലായിരത്തോളം സമരക്കാർ മുത്തങ്ങ വനത്തിൽ പ്രവേശിച്ച് ഊര് സ്ഥാപിച്ചു. സമരം ഒഴിപ്പിക്കുന്നതിനായി 2003 ഫെബ്രുവരി 19ന് നടത്തിയ പൊലീസ് നടപടിക്കിടെയാണ് സംഘർഷമുണ്ടായത്. സമരത്തിൽ പങ്കെടുത്ത ജോഗി കൊല്ലപ്പെടുകയും പൊലീസുകാരനായ കെ.വി. വിനോദ് മരിക്കുകയും ചെയ്തു. പൊലീസുകാർക്കും വനപാലകർക്കും പരുക്കേറ്റിരുന്നു.
ഗോത്രമഹാസഭാ നേതാക്കളായ സി.കെ. ജാനുവിന്റെയും എം. ഗീതാനന്ദന്റെയും നേതൃത്വത്തിലായിരുന്നു മുത്തങ്ങ ഭൂസമരം. മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് ഇനി രണ്ട് കേസുകളാണ് അവശേഷിക്കുന്നത്. മുത്തങ്ങയിൽ നടന്ന ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കേസും 27 പേരെ തടഞ്ഞുവച്ചതുമായി ബന്ധപ്പെട്ട കേസുമാണിത്. ഈ കേസുകളിൽ സി.കെ. ജാനുവാണ് ഒന്നാം പ്രതി. വനംവകുപ്പുമായി ബന്ധപ്പെട്ട് ബത്തേരി കോടതിയിൽ ഉണ്ടായിരുന്ന മറ്റ് കേസുകളെല്ലാം പിന്നീട് തള്ളിപ്പോയിരുന്നു.
