Home » Blog » kerala Max » മിസ് യൂണിവേഴ്സ് കിരീടവുമായി മുഖ്യമന്ത്രിയെ കാണാൻ കെസിയ..! ‘പൂക്കി സിഎം’ വിശേഷണവുമായി മിസ് യൂണിവേഴ്സ് ഇന്ത്യ 2026
POOKIE-680x450

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം നേടിയ മലയാളി കെസിയ ലിസ് മെജോ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. വരാനിരിക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിന് മുന്നോടിയായാണ് ആലപ്പുഴ മാവേലിക്കര സ്വദേശിയായ 19കാരി മുഖ്യമന്ത്രിയെ സന്ദർശിച്ചത്. നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് വേദിയിലാണ് കെസിയ ഇന്ത്യയ്ക്കായി മത്സരിക്കുക.

തിരുവനന്തപുരത്ത് പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് കെസിയ മുഖ്യമന്ത്രിയെ കാണാനെത്തിയത്. സൗന്ദര്യമത്സരത്തിനുള്ള വേഷവും കിരീടവും ധരിച്ചാണ് എത്തിയത്. നേരത്തെ തന്നെ തന്നെ കാണാനെത്തുന്ന വിവരം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്നും വി.ഡി. സതീശന് ‘പൂക്കി സിഎം’ എന്ന വിശേഷണത്തിന് അർഹതയുണ്ടെന്നും കെസിയ പ്രതികരിച്ചു.

ബെംഗളൂരുവിൽ നിയമവിദ്യാർഥിയായ കെസിയ സൗന്ദര്യമത്സര, ഫാഷൻ രംഗങ്ങളിൽ നേരത്തെ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. 2024ൽ മിസ് ടീൻ ദിവ കിരീടം നേടിയായിരുന്നു റാംപിലേക്കുള്ള അരങ്ങേറ്റം. 2025ലെ മിസ് ടീൻ രാജ്യാന്തര മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഫസ്റ്റ് റണ്ണറപ്പായും കെസിയ തിരഞ്ഞെടുക്കപ്പെട്ടു.

തുടർന്ന് ഈ വർഷം മിസ് യൂണിവേഴ്സ് കേരള കിരീടം നേടിയ കെസിയ ജയ്പുരിൽ നടന്ന ദേശീയ മത്സരത്തിലെത്തി മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടവും സ്വന്തമാക്കി. ഇനി പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന രാജ്യാന്തര വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് മാവേലിക്കര സ്വദേശിയായ ഈ മലയാളി.

Leave a Reply

Your email address will not be published. Required fields are marked *