Your Image Description Your Image Description

മാതൃഭാഷയിലുള്ള പഠനം കുട്ടികളുടെ സമഗ്രമായ വികാസത്തിന് അനിവാര്യമാണ്. അതുകൊണ്ട് തന്നെ മലയാളം മീഡിയം സ്‌കൂളുകൾക്കൊപ്പം തമിഴ്, കന്നട തുടങ്ങിയ ഭാഷാന്യൂനപക്ഷ സ്‌കൂളുകളുടെ സംരക്ഷണത്തിനും പുരോഗതിക്കും ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

ഒരു കോടി രൂപ ചെലവിൽ ചാല തമിഴ് എൽ.പി സ്‌കൂളിൽ പണി കഴിപ്പിച്ച പുതിയ ബഹുനില മന്ദിരത്തിന്റെയും വർണ്ണക്കൂടാരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി .

‘വർണ്ണക്കൂടാരം’ പോലെയുള്ള പദ്ധതികൾ കേവലം ചുവരുകളിൽ നിറം പിടിപ്പിക്കൽ മാത്രമല്ല, മറിച്ച് കുട്ടികളുടെ ഭാവനയെയും സർഗ്ഗാത്മകതയെയും ഉണർത്തുന്ന, പഠനത്തെ ഒരു ആഘോഷമാക്കി മാറ്റുന്ന ഒരു വലിയ മാറ്റത്തിന്റെ തുടക്കമാണ്. കുഞ്ഞുങ്ങളുടെ സ്വപ്നങ്ങൾക്ക് നിറം നൽകാനാണ് സർക്കാർ എപ്പോഴും ഒപ്പമുള്ളത്. കുഞ്ഞുങ്ങളുടെ പുഞ്ചിരിയാണ് ഈ നാടിന്റെ ഭാവി. ‘വർണ്ണക്കൂടാരം’ പദ്ധതി കുരുന്നുകളുടെ ശോഭനമായ ഭാവിക്കുള്ള മുതൽക്കൂട്ടായി മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

തമിഴ് ഭാഷയുടെ എല്ലാ ഭംഗിയും നിലനിൽക്കുന്ന അപൂർവ്വ വിദ്യാലയമാണ് ചാല തമിഴ് എൽ.പി സ്‌കൂളെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആന്റണി രാജു എംഎൽഎ പറഞ്ഞു.

പ്രീപ്രൈമറി വിദ്യാഭ്യാസത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സർക്കാർ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും സംയുക്തമായി യു.ആർ.സി സൗത്തിന്റെ നേതൃത്വത്തിലാണ് വർണ്ണക്കൂടാരം സജ്ജമാക്കിയത്.

സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രധാന അധ്യാപിക ജൂലിയറ്റ് എൽ, ചാല വാർഡ് കൗൺസിലർ സിമി ജ്യോതിഷ്, സംഘാടക സമിതി കൺവീനർ എൻ.സുന്ദരംപിള്ള തുടങ്ങിയവർ പങ്കെടുത്തു.

Related Posts