Home » Blog » Kerala » ‘മാതാപിതാക്കൾ ഐഎഎസ് ഉദ്യോഗസ്ഥരാണെങ്കിൽ അവരുടെ കുട്ടികൾക്ക് സംവരണം നൽകേണ്ടതുണ്ടോ?’; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
17

ന്യൂഡൽഹി: പിന്നാക്ക വിഭാഗങ്ങളിൽ സാമൂഹികവും സാമ്പത്തികവുമായി മുന്നേറിയ കുടുംബങ്ങളിലെ (ക്രീമി ലെയർ) കുട്ടികൾക്ക് വീണ്ടും സംവരണ ആനുകൂല്യങ്ങൾ തുടരുന്നതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി. സംവരണത്തിലൂടെ ഒരു കുടുംബം സാമൂഹിക പുരോഗതി കൈവരിച്ചാൽ, അവർ സംവരണ വ്യവസ്ഥയ്ക്ക് വെളിയിൽ വരണമെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. പിന്നാക്ക വിഭാഗങ്ങളിലെ ക്രീമി ലെയർ പരിധിയിൽ നിന്നുള്ള ഒഴിവാക്കലുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണ്ണായകമായ ഈ നിരീക്ഷണങ്ങൾ നടത്തിയത്.

മാതാപിതാക്കൾ രണ്ടുപേരും ഐഎഎസ് (IAS) ഉദ്യോഗസ്ഥരാണെങ്കിൽ അവരുടെ കുട്ടികൾക്ക് വീണ്ടും സംവരണം നൽകേണ്ടതുണ്ടോ? എന്ന് കോടതി ചോദിച്ചു.”മാതാപിതാക്കൾ രണ്ടുപേരും ഐഎഎസ് ഉദ്യോഗസ്ഥരാണ്, രണ്ടുപേരും സർക്കാർ സർവീസിലുണ്ട്. അവർ സമൂഹത്തിൽ വളരെ മികച്ച നിലയിലാണ്. അവിടെ വ്യക്തമായ സാമൂഹിക പുരോഗതി (Social Mobility) ഉണ്ടായിക്കഴിഞ്ഞു. എന്നിട്ടും അങ്ങനെയുള്ളവരെ സംവരണത്തിൽ നിന്ന് ഒഴിവാക്കുന്ന സർക്കാർ ഉത്തരവുകളെ അവർ ചോദ്യം ചെയ്യുകയാണ്. ഈ വശവും നമ്മൾ ഓർക്കണം. വിദ്യാഭ്യാസം കൊണ്ടും സാമ്പത്തിക ശാക്തീകരണം കൊണ്ടും ഒരു കുടുംബത്തിന് സാമൂഹിക പുരോഗതി ഉണ്ടാകുമ്പോൾ, അവരുടെ മക്കൾക്കും വീണ്ടും സംവരണം തേടിയാൽ നമ്മൾ ഒരിക്കലും ഈ സംവരണ വ്യവസ്ഥയിൽ നിന്ന് പുറത്തുകടക്കില്ല. അത് നമ്മൾ ഗൗരവമായി ആലോചിക്കേണ്ട കാര്യമാണ്.” – ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു.

ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ. ശശാങ്ക് രത്നൂ, ശമ്പളത്തിന്റെ അടിസ്ഥാനത്തിലല്ല, പദവിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ഒഴിവാക്കിയതെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളും (EWS) ക്രീമി ലെയറും തമ്മിൽ വ്യത്യാസമുണ്ടെന്നും വാദിച്ചു. എന്നാൽ ഇഡബ്ല്യുഎസ് (EWS) വിഭാഗത്തിൽ സാമൂഹിക പിന്നാക്കാവസ്ഥയില്ലെന്നും സാമ്പത്തിക പിന്നാക്കാവസ്ഥ മാത്രമാണുള്ളതെന്നും കോടതി മറുപടി നൽകി. മാതാപിതാക്കൾ സംവരണത്തിന്റെ ആനുകൂല്യം കൈപ്പറ്റി ഒരു നിശ്ചിത ഉന്നത നിലയിൽ എത്തിയാൽ സാഹചര്യം മാറുമെന്നും ഇതിൽ കൃത്യമായ ഒരു തുലനാവസ്ഥ ആവശ്യമാണെന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. ഹർജിയിൽ വിശദമായ പരിശോധനയ്ക്കായി സുപ്രീം കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു.