Home » Blog » Kerala » മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രതിഷേധം ജനാധിപത്യവിരുദ്ധം: കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റിൽ പ്രമേയം
sfi-680x450

എറണാകുളം മഹാരാജാസ് കോളേജിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ എസ്.എഫ്.ഐ നടത്തിയ പ്രതിഷേധത്തിൽ രൂക്ഷ വിമർശനവുമായി കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ്. ഇത് സംബന്ധിച്ച് സർവകലാശാല സിൻഡിക്കേറ്റ് യോഗം ഔദ്യോഗികമായി പ്രമേയം പാസാക്കി. മഹാരാജാസ് കോളേജിൽ നടന്നത് എസ്.എഫ്.ഐയുടെ തികഞ്ഞ ജനാധിപത്യ വിരുദ്ധ സമരമാണെന്ന് പ്രമേയത്തിൽ കുറ്റപ്പെടുത്തി.

 

അക്കാദമിക അന്തരീക്ഷത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ജനാധിപത്യപരമായ പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്ന് സിൻഡിക്കേറ്റ് യോഗം വിലയിരുത്തി. മന്ത്രിമാരെയും ജനപ്രതിനിധികളെയും പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്നും തടയുന്നത് യാതൊരു കാരണവശാലും ജനാധിപത്യ മര്യാദകൾക്ക് നിരക്കുന്നതല്ലെന്നും യോഗം വ്യക്തമാക്കി.

 

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെയായിരുന്നു മഹാരാജാസ് കോളേജിൽ പ്രതിഷേധം അരങ്ങേറിയത്. അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് നടത്തിയ സമരത്തിനിടെ അവതരിപ്പിച്ച നാടകത്തെ അക്രമസമരമായി ചിത്രീകരിച്ചാണ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതെന്നാണ് എസ്.എഫ്.ഐയുടെ ആരോപണം. ഇത്തരത്തിൽ 16 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിട്ട് 60 ദിവസങ്ങൾ പിന്നിട്ടതായും വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *