Your Image Description Your Image Description

പതിവു തെറ്റിച്ച് മൺസൂൺ ഇത്തവണ നേരത്തെ എത്തിയിട്ടുണ്ട്. കാറിന്റെ പരിപാലനത്തിൽ ഏറെ ശ്രദ്ധ വേണ്ട കാലമാണ് മഴക്കാലം. സുരക്ഷിത യാത്രകൾക്കും വാഹനത്തിന്റെ മഴക്കാല പരിചരണത്തിനും വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത് നിങ്ങളേയും നിങ്ങളുടെ വാഹനത്തേയും സുരക്ഷിതമാക്കും. പലപ്പോഴും വളരെയേറെ ഉപകാരപ്രദമായ ഫീച്ചറാണ് ക്രൂസ് കൺട്രോൾ. എന്നാൽ ഏതു സമയത്തും റോഡിൽ വെള്ളം നിറഞ്ഞേക്കാവുന്ന മഴക്കാലത്ത് ക്രൂസ് കൺട്രോൾ അപകട സാധ്യത വർധിപ്പിക്കും. നനഞ്ഞ റോഡിലൂടെ എളുപ്പം വാഹനങ്ങൾ തെന്നി നിയന്ത്രണം നഷ്ടമാവാനും സാധ്യത ഏറെയാണ്. മഴ കനക്കുമ്പോൾ ഹസാർഡ് ലൈറ്റ് ഇട്ടുകൊണ്ട് വാഹനങ്ങൾ പോവുന്നത് സാധാരണ കാഴ്ച്ചയായി മാറിയിട്ടുണ്ട്. മറ്റു വാഹനങ്ങൾക്ക് എളുപ്പം കാണുകയെന്ന ലക്ഷ്യത്തിലാണ് പലരും ഇതു ചെയ്യുന്നത്. എന്നാൽ ഇത് മണ്ടത്തരമാണെന്നാണ് വിദഗ്ധാഭിപ്രായം. എന്തെങ്കിലും സാഹചര്യത്തിൽ വാഹനം റോഡരികിൽ നിർത്തിയിടേണ്ടി വരുമ്പോൾ മാത്രമാണ് അപകടം ഒഴിവാക്കാൻ ഹസാർഡ് ലൈറ്റ് ഇടേണ്ടത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ ഹസാർഡ് ലൈറ്റ് ഇടുന്നത് മറ്റു വാഹനങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാക്കാനും അതുവഴി അപകടമുണ്ടാവാനും ഇടയാക്കും. ഹെഡ്‌ലൈറ്റും ടെയിൽ ലൈറ്റുകളും ഫോഗ് ലൈറ്റുമെല്ലാം ശരിയായി ഉപയോഗിക്കുക മാത്രമാണ് പരിഹാരം. മഴക്കാലത്ത് വെള്ളം നിറഞ്ഞു കിടക്കുന്ന കുഴികൾ മറ്റൊരു അപകട സാധ്യതയാണ്. കുഴിയുടെ ആഴം ചെളി വെള്ളം നിറഞ്ഞു കിടക്കുമ്പോൾ തിരിച്ചറിയുക അസാധ്യമാണ്. കുഴി ശ്രദ്ധയിൽ പെട്ടാൽ വഴി മാറി പോവുകയോ ബ്രേക്ക് പിടിച്ച് സാവധാനം പോവുകയോ മാത്രമാണ് സുരക്ഷിതം. സ്ഥിരം പോവുന്ന വഴിയാണെങ്കിലും മഴക്കാലത്ത് വെള്ളം നിറഞ്ഞിരിക്കുകയാണെങ്കിൽ സുരക്ഷിതമായ വേഗതയിൽ പോവുന്നതാണ് ഉചിതം. വെള്ളം കെട്ടി കിടക്കുന്നിടത്ത് വേഗത കൂട്ടി വെള്ളം തെറിപ്പിക്കുന്നതും മാന്യതക്ക് നിരക്കുന്ന പ്രവൃത്തിയല്ല. മാത്രമല്ല പ്രതീക്ഷിക്കുന്നതിലും ആഴം ഈ വെള്ളക്കെട്ടിനുണ്ടെങ്കിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനും കാരണമായേക്കാം. മഴക്കാലത്ത് മറ്റു വാഹനങ്ങളുമായി കൂടുതൽ അകലം പാലിക്കുന്നതും നല്ലതാണ്. മഴ പെയ്യുമ്പോൾ മുന്നിലെ കാഴ്ച്ചകളും പിന്നിലേയും വശങ്ങളിലേയും കാഴ്ച്ചകളും മങ്ങലോടെയാവും കാണുക. ഇത് പ്രതികരിക്കാനുള്ള സമയം പിന്നെയും കുറക്കും. പെട്ടെന്ന് ബ്രേക്ക് പിടിക്കേണ്ട സാഹചര്യമുണ്ടായാൽ അത് അപകടത്തിൽ അവസാനിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വേനലിൽ പാലിക്കുന്നതിനേക്കാൾ കൂടുതൽ സുരക്ഷിത അകലം മറ്റു വാഹനങ്ങളുമായി മഴക്കാലത്ത് പാലിക്കാൻ ശ്രദ്ധിക്കുക. മഴക്കാലത്ത് പലതവണ നിങ്ങൾക്ക് വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. അത്യന്തം ശ്രദ്ധയോടെ മാത്രം ഇത്തരം സാഹചര്യത്തിൽ പെരുമാറുക. അമിത ആവേശം നിങ്ങളെ കുഴിയിൽ ചാടിച്ചേക്കാം. വെള്ളക്കെട്ടിലേക്ക് ഇറങ്ങും മുൻപ് മുന്നിലെ വാഹനങ്ങൾ പോവുന്നതും വരുന്നതും ശ്രദ്ധിക്കുക. ഇത് എത്രത്തോളം വെള്ളം മുന്നിലെ റോഡിലുണ്ടെന്നത് തിരിച്ചറിയാൻ സഹായിക്കും. വാഹനത്തിന്റെ പകുതി വരെ മുങ്ങാൻ വെള്ളമുണ്ടെങ്കിൽ മുന്നോട്ട് എടുക്കരുത്. സുരക്ഷിതമെന്നു കരുതുന്ന വെള്ളക്കെട്ടിലേക്ക് വാഹനം എടുക്കുകയാണെങ്കിൽ തന്നെ താഴ്ന്ന ഗിയറിൽ ഇട്ട് ഒരേ വേഗത്തിൽ വാഹനം മുന്നോട്ടെടുക്കാൻ ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *