Home » Blog » kerala Max » മത്സരം വലുപ്പച്ചെറുപ്പത്തിലല്ല;പേട്രിയറ്റിനെ കുറിച്ച് മമ്മൂട്ടി
patriotbts

ലയാള സിനിമ പതിനഞ്ച് വർഷം മുൻപേ ചിന്തിക്കുന്നു എന്നതിന്റെ തെളിവാണ് വരാനിരിക്കുന്ന ‘പേട്രിയറ്റ്’ എന്ന് മെഗാസ്റ്റാർ മമ്മൂട്ടി. മമ്മൂട്ടിയും മോഹൻലാലും നീണ്ട ഇടവേളയ്ക്ക് ശേഷം സ്ക്രീനിൽ ഒന്നിക്കുന്ന ഈ ചിത്രം മെയ് ഒന്നിനാണ് തിയേറ്ററുകളിൽ എത്തുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തെക്കുറിച്ച് പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“നീയാണോ ഞാനാണോ വലുത് എന്ന് മത്സരിക്കാനല്ല ഞങ്ങൾ വരുന്നത്,” എന്ന് മമ്മൂട്ടി വ്യക്തമാക്കി. തനിക്കും ലാലിനും ഇതുവരെ ചെയ്തിട്ടില്ലാത്ത തരം വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ഈ സിനിമയിലുള്ളത്. പ്രേക്ഷകരുടെ ആസ്വാദന നിലവാരം വളർന്നതുകൊണ്ടാണ് ഇത്തരമൊരു പരീക്ഷണം ഏറ്റെടുക്കാൻ തങ്ങൾ തയ്യാറായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാള സിനിമയുടെ കഥാപരിസരം ദേശീയ-അന്തർദേശീയ തലത്തിലേക്ക് മാറുകയാണ്. ഇപ്പോൾ ഈ സിനിമ ചെയ്തില്ലെങ്കിൽ ഇത്തരമൊരു പ്രമേയം സംഭവിക്കാൻ ഇനിയും പത്തോ പതിനഞ്ചോ വർഷം കഴിയേണ്ടി വരും. മലയാള സിനിമ കാലത്തിന് മുന്നിലാണെന്നും ആ ധൈര്യത്തിലാണ് ‘പേട്രിയറ്റ്’ ഒരുക്കിയിരിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രം നിർമ്മാണ മികവിലും സാങ്കേതിക തികവിലും മുൻപന്തിയിലായിരിക്കുമെന്നും താരം ഉറപ്പുനൽകി.