Home » Blog » kerala Max » മണ്ഡലകാലത്തിന് തൊട്ടുമുമ്പ് അരവണ നിർമ്മാണം പ്രതിസന്ധിയിൽ; ട്രാക്ടർ കരാറിൽ തർക്കം, 30-ന് വീണ്ടും ടെൻഡർ
SABARIMALA-680x450

പത്തനംതിട്ട: മണ്ഡലകാല മകരവിളക്ക് മഹോത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ശബരിമലയിൽ അരവണ നിർമ്മാണം കടുത്ത പ്രതിസന്ധിയിലേക്ക്. നിർമ്മാണ സാമഗ്രികൾ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് എത്തിക്കാനുള്ള ട്രാക്ടർ കരാർ ഇതുവരെ പൂർത്തിയാക്കാൻ ദേവസ്വം ബോർഡിനായിട്ടില്ല. കൂലിത്തർക്കം തുടരുന്ന സാഹചര്യത്തിൽ ഒക്ടോബർ 30-ന് വീണ്ടും ഇ-ടെൻഡർ വിളിച്ചിരിക്കുകയാണ് ബോർഡ്.

മണ്ഡല സീസൺ നവംബർ 16-ന് ആരംഭിക്കുമ്പോൾ 75 ലക്ഷം കൺകറന്റ് ബോട്ടിൽ അരവണ കരുതൽ ശേഖരമാണ് ദേവസ്വം ബോർഡ് ലക്ഷ്യമിടുന്നത്. എന്നാൽ നിലവിൽ വെറും ഏഴ് ലക്ഷം ടിൻ അരവണ മാത്രമാണ് സ്റ്റോക്കുള്ളത്. അരവണ നിർമ്മാണ പ്ലാന്റിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർണ്ണ ശേഷിയിലെത്താത്തതും നിലവിലെ പ്രതിസന്ധിയുടെ ആഘാതം കൂട്ടുന്നു. പ്ലാന്റിന്റെ ശേഷി കൂട്ടാനായി അടച്ചിട്ട് പണികൾ ആരംഭിച്ചെങ്കിലും ഇതുവരെ നിർമ്മാണം പൂർത്തിയായിട്ടില്ല. അതേസമയം, സന്നിധാനത്ത് അരവണ നിർമ്മാണത്തിന് തടസ്സങ്ങളൊന്നുമില്ലെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. സ്വന്തമായി പുതിയ ട്രാക്ടറുകൾ വാങ്ങാൻ തീരുമാനിച്ചിട്ടുണ്ടെന്നും ശർക്കരയും അരിയും ഉൾപ്പെടെയുള്ള സാധനങ്ങൾ സന്നിധാനത്തേക്ക് ഇപ്പോഴും എത്തിക്കുന്നുണ്ടെന്നും ബോർഡ് വ്യക്തമാക്കുന്നു.

മുൻപ് ശർക്കരയും മറ്റ് സാമഗ്രികളും കരാറെടുക്കുന്ന കമ്പനികൾ നേരിട്ട് സന്നിധാനത്ത് എത്തിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ തൂക്കത്തിലും ഗുണമേന്മയിലും കൃത്യതയും ഇരട്ട പരിശോധനയും ഉറപ്പാക്കുന്നതിനായി, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ ഇടപെടലിൽ സാധനങ്ങൾ പമ്പയിൽ എത്തിച്ചാൽ മതിയെന്ന നിലയിലേക്ക് കരാർ മാറ്റുകയായിരുന്നു. പമ്പയിൽ നിന്ന് ദേവസ്വം ബോർഡിന്റെ സ്വന്തം ചെലവിൽ സന്നിധാനത്തേക്ക് സാധനങ്ങൾ കൊണ്ടുപോകുന്ന ഈ പുതിയ രീതിയാണ് ഇപ്പോൾ ട്രാക്ടർ പ്രതിസന്ധിയിൽ എത്തിനിൽക്കുന്നത്. ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ, പുതിയ ഇ-ടെൻഡറിലൂടെ പ്രശ്നം പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് ബോർഡ്.

Leave a Reply

Your email address will not be published. Required fields are marked *