
ടാറ്റ ഗ്രൂപ്പിലെ നേതൃത്വത്തർക്കം രാജ്യത്തെ രാഷ്ട്രീയരംഗത്തും വാക്പോരിന് വഴിവെച്ചിരിക്കുകയാണ്. ഇന്ത്യൻ ബിസിനസ് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കളിക്കോപ്പല്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുറന്നടിച്ചതോടെ ധനമന്ത്രി നിർമല സീതാരാമനും രംഗത്തെത്തി. വ്യവസായമേഖലയിൽ അവിശ്വാസവും വിഷവും പടർത്താനാണ് രാഹുലിന്റെ ശ്രമമെന്നാണ് നിർമലയുടെ ആരോപണം.
ടാറ്റയെ ക്രിമിനൽ രീതിയിൽ തകർക്കുകയാണെന്നും ഇതിനെതിരെ സംസാരിക്കാൻ ഒരു വ്യവസായിപോലും ധൈര്യപ്പെടുന്നില്ലെന്നും രാഹുൽ സമൂഹമാധ്യമ പോസ്റ്റിൽ ആരോപിച്ചു. വ്യവസായികൾ എത്രകാലം നിശ്ശബ്ദരായിരിക്കുമെന്നും എല്ലാം നഷ്ടപ്പെടുന്നതുവരെ കാത്തിരിക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചു. മോദിയുടെയും അമിത് ഷായുടെയും അടുത്ത സുഹൃത്തുക്കളൊഴികെ മറ്റെല്ലാ വ്യവസായികൾക്കും സർക്കാരിനോട് വെറുപ്പാണെന്നും രാഹുൽ ആരോപിച്ചു. ഈ വിഷയത്തിൽ നീതി വാങ്ങിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ഇന്ത്യൻ വ്യവസായികളുടെയും സംരംഭകരുടെയും വിജയങ്ങളെ നിരന്തരം താറടിച്ചുകാണിക്കുന്നയാളാണ് രാഹുലെന്ന് നിർമല സീതാരാമൻ തിരിച്ചടിച്ചു. വാണിജ്യപരവും നിയമപരവുമായ വിഷയങ്ങളെ തെളിവില്ലാതെ ക്രിമിനൽ നടപടികളായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു. പതിറ്റാണ്ടുകളോളം ലൈസൻസ് രാജ് നടപ്പാക്കി ഇന്ത്യൻ സംരംഭകരുടെ ആത്മവിശ്വാസം തകർത്തത് കോൺഗ്രസാണെന്നും വ്യവസായികളെ ഇളക്കിവിടാനാണ് രാഹുൽ ശ്രമിക്കുന്നതെന്നും നിർമല ആരോപിച്ചു.
ടാറ്റ സൺസ് ചെയർമാനായി എൻ. ചന്ദ്രശേഖരനെ വീണ്ടും നിയമിക്കാനുള്ള ബോർഡ് പ്രമേയത്തെ ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ ചോദ്യംചെയ്തതിനു പിന്നാലെയാണ് വിവാദം ശക്തമായത്. ടാറ്റ ഗ്രൂപ്പിലെ പ്രമുഖർ കഴിഞ്ഞവർഷം ഡൽഹിയിൽ അമിത് ഷായുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു; നിർമല സീതാരാമനും യോഗത്തിൽ പങ്കെടുത്തിരുന്നു. ടാറ്റ ട്രസ്റ്റിനെയും ടാറ്റ സൺസിനെയും അമിത് ഷായുടെ വസതിയിൽ വിളിച്ചുവരുത്തേണ്ടിവന്നതിനു പിന്നിൽ എന്ത് നിയമപരമോ വാണിജ്യപരമോ ആയ കാര്യമാണുള്ളതെന്ന് രാഹുൽ ചോദിച്ചു. ടാറ്റയിലെ ആഭ്യന്തര തർക്കം ഇപ്പോൾ കേന്ദ്രസർക്കാരും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടലായി മാറിയിരിക്കുകയാണ്.
