ആപ്പിൾ ഐഫോൺ 7-ലൂടെ ഹെഡ്‌ഫോൺ ജാക്കുകൾ ഒഴിവാക്കിത്തുടങ്ങിയ 2016 മുതൽ വയർലെസ് ഓഡിയോ ലോകം കീഴടക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ഒരു ദശാബ്ദത്തിന് ശേഷം കഥ മാറുകയാണ്. കെട്ടുപിണയുന്ന കേബിളുകൾ വേണ്ടെന്നു വെച്ച് ബ്ലൂടൂത്ത് സ്വാതന്ത്ര്യം ആഘോഷിച്ചവർക്കിടയിലേക്ക് വയേർഡ് ഇയർഫോണുകൾ ഒരു വൻ തിരിച്ചുവരവ് നടത്തുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഇത്തരം ഉപകരണങ്ങളുടെ വിൽപനയിൽ 20 ശതമാനത്തോളം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്തുകൊണ്ടാണ് ഈ പഴയ ട്രെൻഡ് വീണ്ടും തരംഗമാകുന്നത്?
താങ്ങാനാവുന്ന വിലയും ലാളിത്യവും
പ്രീമിയം വയർലെസ് ഇയർബഡുകളുടെ വില കുതിച്ചുയരുമ്പോൾ, കുറഞ്ഞ ചിലവിൽ മികച്ച ഓഡിയോ അനുഭവം നൽകാൻ വയേർഡ് ഇയർഫോണുകൾക്ക് കഴിയുന്നു. ചാർജ് ചെയ്യേണ്ടതില്ല എന്നതും ബ്ലൂടൂത്ത് കണക്റ്റിവിറ്റി പ്രശ്നങ്ങളില്ല എന്നതും ഉപയോക്താക്കളെ ഇതിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്.
ഒരൊറ്റ കേബിൾ; പല ഗുണങ്ങൾ
ഗെയിമിംഗ് ഇഷ്ടപ്പെടുന്നവർക്ക് ഒട്ടും ലേറ്റൻസി ഇല്ലാത്ത ശബ്ദം വയേർഡ് ഇയർഫോണുകൾ ഉറപ്പുനൽകുന്നു. കൂടാതെ, നടക്കുമ്പോഴോ യാത്ര ചെയ്യുമ്പോഴോ ഒരു ഇയർബഡ് നഷ്ടപ്പെടുമെന്ന ഭയവും വേണ്ട. നഷ്ടപ്പെട്ടാൽ പോലും കുറഞ്ഞ വിലയിൽ പുതിയൊരെണ്ണം വാങ്ങാം എന്നത് പ്രായോഗികമായ മറ്റൊരു നേട്ടമാണ്.
3സുരക്ഷയും സ്വകാര്യതയും
വയർലെസ് ഉപകരണങ്ങൾ ഹാക്ക് ചെയ്യപ്പെടാനോ വിവരങ്ങൾ ചോർത്തപ്പെടാനോ ഉള്ള സാധ്യതകളെക്കുറിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകാറുണ്ട്. ഇത്തരം സുരക്ഷാ ആശങ്കകൾ വർധിക്കുന്ന സാഹചര്യത്തിൽ, കേബിൾ വഴി നേരിട്ട് ബന്ധിപ്പിക്കുന്ന ഇയർഫോണുകളെ പലരും സുരക്ഷിതമായി കണക്കാക്കുന്നു.
സെലിബ്രിറ്റി സ്റ്റൈലും നൊസ്റ്റാൾജിയയും
പ്രമുഖ സെലിബ്രിറ്റികൾ വയർഡ് ഇയർഫോണുകൾ ഒരു ഫാഷൻ ആക്സസറിയായി ഉപയോഗിക്കാൻ തുടങ്ങിയതോടെ യുവാക്കൾക്കിടയിൽ ഇതൊരു പുതിയ ട്രെൻഡായി മാറി. പഴയകാലത്തെ നൊസ്റ്റാൾജിയ എന്നതിലുപരി സ്റ്റൈലിഷ് ആയും പ്രായോഗികമായും വയർഡ് ഓഡിയോ ഇപ്പോൾ പരിഗണിക്കപ്പെടുന്നു.
