
‘കുട്ടികളുടെ സ്വഭാവമാറ്റങ്ങൾ തിരിച്ചറിയാൻ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രദ്ധ അത്യാവശ്യം’: സീതാറാം ഐ.എഫ്.എസ്
തിരുവനന്തപുരം: സ്കൂൾ കുട്ടികളിലെ മാനസികാരോഗ്യ പ്രശ്നങ്ങളും പഠന വൈകല്യങ്ങളും പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞു പരിഹരിക്കുന്നതിനായി അധ്യാപകർക്കും പ്രിൻസിപ്പൽമാർക്കുമായി സംഘടിപ്പിക്കുന്ന ‘റെസൊണേറ്റ് ക്രസ്റ്റ്-26’ (RESONATE CREST-’26) ദ്വിദിന ശില്പശാലയ്ക്ക് നെയ്യാറ്റിൻകര നിംസ് സ്പെക്ട്രത്തിൽ തുടക്കമായി. യു.എ.ഇയിലെ മുൻ ഇന്ത്യൻ അംബാസഡറും ക്രെസ്റ്റ് പാനൽ അംഗവുമായ ടി. പി. സീതാറാം ഐ.എഫ്.എസ് (റിട്ട.) ശില്പശാല ഉദ്ഘാടനം ചെയ്തു.
“കുട്ടികൾ അനുഭവിക്കുന്ന വിഷമതകളും പെരുമാറ്റത്തിലെ മാറ്റങ്ങളും കൃത്യസമയത്ത് തിരിച്ചറിയാൻ കഴിയുന്നത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ജാഗ്രതയിലൂടെയാണ്. ഓരോ കുട്ടിയുടെയും മാനസികാവസ്ഥ മനസ്സിലാക്കി പിന്തുണ നൽകുന്നത് അവരുടെ ഭാവി രൂപപ്പെടുത്തുന്നതിൽ സുപ്രധാനമായ പങ്കുവഹിക്കും,” എന്ന് ഉദ്ഘാടന പ്രസംഗത്തിൽ സീതാറാം ഐ.എഫ്.എസ് അഭിപ്രായപ്പെട്ടു.
കേരള ആരോഗ്യ സർവ്വകലാശാല മുൻ വൈസ് ചാൻസലറും പ്രമുഖ വിദ്യാഭ്യാസ-ശിശുരോഗ വിദഗ്ദ്ധനുമായ പ്രൊഫ. ഡോ. എം.കെ.സി നായർ D.Sc. ആദ്യദിനത്തിലെ വിവിധ പഠന സെഷനുകൾക്ക് നേതൃത്വം നൽകി. സ്കൂൾ കൗൺസിലിംഗിലെ കൂട്ടായ സമീപനത്തെക്കുറിച്ചും വിഷാദം, ഉത്കണ്ഠ, ബിഹേവിയറൽ പ്രശ്നങ്ങൾ, ഇൻക്ലൂസീവ് എഡ്യൂക്കേഷൻ, ലേണിംഗ് ഡിസോർഡറുകൾ, എ.ഡി.എച്ച്.ഡി (ADHD) എന്നീ വിഷയങ്ങളിലും മറ്റ് അത്യാധുനിക ഡയഗ്നോസ്റ്റിക് ടൂളുകളിലും വിശദമായ ക്ലാസുകൾ നടന്നു.
റിസോർസിയോയുടെ റെസൊണേറ്റ് ക്രസ്റ്റുമായി സഹകരിച്ച് നിംസ് സ്പെക്ട്രം സംഘടിപ്പിക്കുന്ന ദ്വിദിന പരിശീലന പരിപാടിയിൽ റിസോർസിയോ സ്ഥാപകർ ഗീതിക സുദീപ് (സി.ഇ.ഒ) റോബിൻസ് ജെ. ആലപ്പാട്ട്(സി.ഒ.ഒ) എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ സാന്നിധ്യമറിയിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 60-ഓളം പ്രിൻസിപ്പൽമാർ, സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാർ, സ്റ്റുഡന്റ് കൗൺസിലർമാർ എന്നിവരാണ് ഈ ശില്പശാലയിൽ പങ്കെടുക്കുന്നത്.
സെപ്റ്റംബർ 25-ന് വൈകുന്നേരം നടക്കുന്ന ശില്പശാലയുടെ സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും ഗതാഗത മന്ത്രി സി പി ജോൺ ഉദ്ഘാടനം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് www.resorciocbseplus.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
