Home » Blog » Kerala » ബാങ്ക് ഓഫ് ബറോഡയ്ക്ക് തിരിച്ചടി; ആർബിഐ ₹63.6 ലക്ഷം പിഴ ചുമത്തി
rbi-3-680x450

ഡൽഹി: നിബന്ധനകളും മാനദണ്ഡങ്ങളും പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് രാജ്യത്തെ പ്രമുഖ ബാങ്കിങ് ശൃംഖലയായ ബാങ്ക് ഓഫ് ബറോഡയ്ക്കും ജിഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പിഴ ചുമത്തി.

 

വായ്പ നൽകുന്നവർ പാലിക്കേണ്ട ‘ഫെയർ പ്രാക്ടീസസ് കോഡ്’, കെവൈസി മാനദണ്ഡങ്ങൾ എന്നിവ ലംഘിച്ചതിനാണ് ബാങ്ക് ഓഫ് ബറോഡയ്ക്ക് 63.6 ലക്ഷം രൂപ പിഴ ചുമത്തിയത്. 2025 മാർച്ച് 31 വരെയുള്ള ധനവിനിമയങ്ങൾ പരിശോധിച്ചതിലൂടെയാണ് ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ആർബിഐ കണ്ടെത്തിയത്. ചില വായ്പാ അക്കൗണ്ടുകളിൽ കരാറിൽ പറഞ്ഞിരുന്നതിനേക്കാൾ ഉയർന്ന നിരക്കിൽ പലിശ ഈടാക്കിയെന്നും, നിശ്ചിത സമയപരിധിക്കുള്ളിൽ ഉപഭോക്താക്കളുടെ കെവൈസി രേഖകൾ സെൻട്രൽ കെവൈസി റെക്കോർഡ്സ് രജിസ്ട്രിയിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്നുമാണ് റിപ്പോർട്ട്. ആർബിഐ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ബാങ്ക് നൽകിയ മറുപടി പരിശോധിച്ച ശേഷമാണ് നടപടി സ്വീകരിച്ചത്.

 

ഇതോടൊപ്പം കെവൈസി മാർഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് ജിഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന് 3.1 ലക്ഷം രൂപയും ആർബിഐ പിഴ ചുമത്തിയിട്ടുണ്ട്. നാഷണൽ ഹൗസിംഗ് ബാങ്ക് 2025 മാർച്ച് 31-ലെ സാമ്പത്തിക സ്ഥിതി വിലയിരുത്താൻ നടത്തിയ പരിശോധനയിലാണ് ഈ കമ്പനിയുടെ വീഴ്ചകൾ പുറത്തുവന്നത്. ഉപഭോക്തൃ അക്കൗണ്ടുകളുടെ റിസ്ക് കാറ്റഗറൈസേഷൻ ആറ് മാസത്തിലൊരിക്കലെങ്കിലും കൃത്യമായി അവലോകനം ചെയ്യുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്ന് ആർബിഐ വ്യക്തമാക്കി.

 

നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിലുണ്ടായ വീഴ്ചകൾ മുൻനിർത്തി മാത്രമാണ് ഈ പിഴ ചുമത്തിയിട്ടുള്ളതെന്ന് ആർബിഐ അറിയിച്ചു. ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ തങ്ങളുടെ ഉപഭോക്താക്കളുമായി ഒപ്പുവെച്ചിട്ടുള്ള ഇടപാടുകളുടെയോ കരാറുകളുടെയോ സാധുതയെ ഈ നടപടി ബാധിക്കില്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.