സിനിമയിൽ രണ്ട് പതിറ്റാണ്ട് പിന്നിട്ട അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു ‘പുഷ്പ’ ഫ്രാഞ്ചൈസി. ദക്ഷിണേന്ത്യയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന അദ്ദേഹത്തിന്റെ ജനപ്രീതി ഉത്തരേന്ത്യയിലേക്കും പാൻ ഇന്ത്യൻ തലത്തിലേക്കും പടർന്നത് പുഷ്പരാജ് എന്ന കഥാപാത്രത്തിലൂടെയാണ്. ചിത്രത്തിന്റെ വമ്പിച്ച വിജയത്തോടെ അല്ലു അർജുന്റെ താരമൂല്യവും കുതിച്ചുയർന്നു. പുഷ്പയുടെ രണ്ട് ഭാഗങ്ങളിൽ നിന്നുമായി അല്ലു അർജുന് ലഭിച്ച പ്രതിഫലം എത്രയാണെന്ന കണക്കുകൾ തമിഴ് നിർമ്മാതാവ് ജി. ധനഞ്ജയൻ വെളിപ്പെടുത്തിയതോടെ സിനിമാ ലോകം ഞെട്ടിയിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ഏതാണ്ട് 623.76 കോടി രൂപയാണ് താരം ഈ ഫ്രാഞ്ചൈസിയിലൂടെ സ്വന്തമാക്കിയത്.
സാധാരണ ഗതിയിൽ വലിയ തുക അഡ്വാൻസ് വാങ്ങുന്നതിന് പകരം ലാഭവിഹിതം പങ്കുവെക്കുന്ന കരാറിലായിരുന്നു അല്ലു അർജുൻ ഒപ്പിട്ടത്. ചിത്രത്തിന് ലഭിക്കുന്ന ലാഭത്തിന്റെ ഓരോ രൂപയിലും 30 പൈസ താരത്തിന് ലഭിക്കുന്ന രീതിയിലായിരുന്നു ഈ കരാർ. പുഷ്പയുടെ ഒന്നാം ഭാഗം 352 കോടിയും രണ്ടാം ഭാഗം 1727 കോടിയിലധികവും ആഗോളതലത്തിൽ നേടിയതോടെ മൊത്തം കളക്ഷൻ 2000 കോടി കടന്നു. ഇതോടെയാണ് ലാഭവിഹിതമായി ഇത്രയും വലിയ തുക അല്ലു അർജുന്റെ കൈകളിലെത്തിയത്. ഷാരൂഖ് ഖാനെപ്പോലെയുള്ള മുൻനിര താരങ്ങൾ പരീക്ഷിച്ചു വിജയിച്ച ഈ ബിസിനസ് മോഡൽ നിർമ്മാതാക്കൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്. നഷ്ടമുണ്ടായാൽ ആഘാതം കുറയ്ക്കാനും വൻ വിജയമായാൽ താരത്തിന് അർഹമായ വിഹിതം നൽകാനും ഇതിലൂടെ സാധിക്കുന്നു.
