
കോഴിക്കോട്: നാദാപുരം കുമ്മങ്കോട് പ്രദേശത്ത് പുലി ഇറങ്ങിയെന്ന അഭ്യൂഹങ്ങൾക്കിടെ ആയഞ്ചേരി ഭാഗത്തും പുലിയുടെ സാന്നിധ്യമുണ്ടെന്ന സംശയം. ഇതോടെ പ്രദേശവാസികൾ ആശങ്കയിലായി. ആശങ്കയ്ക്ക് പിന്നാലെ ആയഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡിലെ പാലോറക്കുന്നിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ ഡ്രോൺ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തി. രണ്ടര കിലോമീറ്റർ ദൂരപരിധിയിൽ കാഴ്ച ലഭിക്കുന്ന ഡ്രോൺ ഉപയോഗിച്ചായിരുന്നു പരിശോധന.
ജനപ്രതിനിധികളും നാട്ടുകാരും കുറ്റ്യാടി എംഎൽഎയെ ബന്ധപ്പെട്ട് പ്രദേശത്തെ ആശങ്ക അറിയിച്ചതിനെ തുടർന്നാണ് പാറക്കൽ അബ്ദുള്ള എംഎൽഎ ഇടപെട്ടത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പാലോറക്കുന്നിൽ പരിശോധന നടത്തുകയായിരുന്നു. പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടോയെന്ന് കണ്ടെത്തുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം.
എന്നാൽ പരിശോധനയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന യാതൊരു സൂചനയും ലഭിച്ചില്ല. പ്രദേശത്ത് ഡ്രോൺ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തിയെങ്കിലും പുലിയുടേതെന്ന് കരുതാവുന്ന അടയാളങ്ങളോ മറ്റ് തെളിവുകളോ കണ്ടെത്താനായില്ല. ഇതോടെ പുലി ഇറങ്ങിയെന്ന പ്രചാരണത്തിന് നിലവിൽ സ്ഥിരീകരണമില്ല.
ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അസ്യ, തൊടണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം രവി കോരപ്പാണ്ടി, വാർഡ് മെമ്പർ സീനത്ത് ആക്കായി, വനംവകുപ്പ് ഉദ്യോഗസ്ഥർ, ആർആർടി അംഗങ്ങൾ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. കുമ്മങ്കോട് മേഖലയിൽ പുലിയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ആയഞ്ചേരിയിലും പരിശോധന നടത്തിയത്. പരിശോധനയിൽ സൂചനകളൊന്നും ലഭിക്കാത്തത് പ്രദേശവാസികളുടെ ആശങ്കയ്ക്ക് താൽക്കാലിക ആശ്വാസമായി.
