വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ച ലോക്സഭയിൽ പുരോഗമിക്കവേ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളുമായി ഡി.എം.കെ എം.പി കനിമൊഴി രംഗത്തെത്തി. പുതിയ ബില്ല് നടപ്പിലാക്കുന്നതോടെ പാർലമെന്റിലെ തമിഴ് ശബ്ദം ഇല്ലാതാകുമെന്ന് അവർ ആരോപിച്ചു. ജനസംഖ്യാ നിയന്ത്രണം മികച്ച രീതിയിൽ നടപ്പിലാക്കിയ തമിഴ്നാട് പോലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുന്നതാണ് നിലവിലെ നിർദ്ദേശങ്ങളെന്ന് അവർ ചൂണ്ടിക്കാട്ടി. പ്രതിഷേധസൂചകമായി കറുത്ത വസ്ത്രം ധരിച്ചാണ് ഡി.എം.കെ അംഗങ്ങൾ സഭയിലെത്തിയത്. കെ.സി വേണുഗോപാൽ എംപി ഉന്നയിച്ച പ്രതിഷേധങ്ങൾക്ക് പിന്നാലെയായിരുന്നു കനിമൊഴിയുടെ ഇടപെടൽ.
പഴയ നിയമം വിജ്ഞാപനം ചെയ്യാതെ എന്തിനാണ് പുതിയ ബില്ലിന്മേൽ ചർച്ച നടത്തുന്നതെന്ന് കനിമൊഴി ചോദിച്ചു. പ്രാബല്യത്തിൽ വരാത്ത ഒരു നിയമത്തിന് ഭേദഗതി കൊണ്ടുവരുന്നത് വിചിത്രമാണെന്നും അവർ പരിഹസിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ലംഘിക്കപ്പെട്ടുവെന്നും ജനാധിപത്യ ഭൂപടം ഏകപക്ഷീയമായി മാറ്റിവരയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു. സംസ്ഥാനങ്ങളുമായോ മുഖ്യമന്ത്രിമാരുമായോ ആലോചിക്കാതെയാണ് ഈ നിർണ്ണായക നീക്കം. നിലവിലെ 543 സീറ്റുകളിൽ തന്നെ ഉടൻ സംവരണം നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്നും ബില്ല് ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് (JPC) വിടണമെന്നും കനിമൊഴി ആവശ്യപ്പെട്ടു.
വനിതാ സംവരണ ബില്ലിന്മേലുള്ള വോട്ടെടുപ്പ് ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കും. ബില്ല് പാസാകാൻ 360 എംപിമാരുടെ പിന്തുണ ആവശ്യമാണെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിപക്ഷ പിന്തുണയില്ലാതെ അത് സാധ്യമാകില്ല. 543 സീറ്റുകളിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് നൽകണമെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം. എന്നാൽ സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പാക്കാനുള്ള സർക്കാരിന്റെ നീക്കങ്ങളെ പ്രതിപക്ഷം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തടയുകയാണെന്ന് പ്രധാനമന്ത്രിയും ബിജെപിയും ആരോപിക്കുന്നു. വോട്ടെടുപ്പ് ഫലം രാജ്യത്തെ വനിതാ സംവരണത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും
