Home » Blog » Auto » ഫ്യൂച്ചര്‍റെഡി ഇന്ത്യ പദ്ധതി അവതരിപ്പിച്ച് റെനോ ഗ്രൂപ്പ്
11

കൊച്ചി: ഫ്യൂച്ചര്‍റെഡി എന്ന പുതിയ കാഴ്ചപ്പാടോടെ 2030നകം ഇന്ത്യയില്‍ ഏഴ് മോഡലുകളുള്ള പോര്‍ട്ട്‌ഫോളിയോ അവതരിപ്പിക്കുമെന്ന് റെനോ ഗ്രൂപ്പ് സിഇഒ ഫ്രാങ്കോയിസ് പ്രൊവോസ്റ്റ് അറിയിച്ചു. ഒരാഴ്ചത്തെ ഔദ്യോഗിക ഇന്ത്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങവെയാണ് പ്രഖ്യാപനം. നിലവില്‍ റെനോയുടെ വിപണികളില്‍ ആകെ വളര്‍ച്ചാ സാധ്യതയുടെ മൂന്നിലൊന്നും ഇന്ത്യയിലാണ്.

ഇന്ത്യയെ സാങ്കേതിക മികവിന്റെ കേന്ദ്രമായും ഒരു പ്രധാന കയറ്റുമതി കേന്ദ്രമായും മാറ്റാന്‍ ഒരുങ്ങുകയാണ്. ‘ഫ്യൂച്ചര്‍റെഡി’യിലൂടെ ആഗോള വളര്‍ച്ചയുടെ പുതിയ തലത്തിലേക്ക് റെനോ കടക്കുമ്പോള്‍ അതിന്റെ ഹൃദയഭാഗത്ത് ഇന്ത്യ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 2030ഓടെ വാഹനങ്ങള്‍, ആര്‍&ഡി, ഘടകങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി പ്രതിവര്‍ഷം രണ്ട് ബില്യണ്‍ യൂറോയുടെ കയറ്റുമതി വരുമാനം നേടാനാണ് ഗ്രൂപ്പ്  ലക്ഷ്യമിടുന്നത്.

2030ഓടെ ഇന്ത്യയില്‍ കോംപാക്റ്റ് കാറുകളില്‍ നിന്ന് വലിയ എസ്‌യുവികള്‍ വരെ ഉള്‍പ്പെടുന്ന ഏഴ് മോഡലുകളുള്ള പോര്‍ട്ട്‌ഫോളിയോ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സ്‌ട്രോങ്ങ് ഹൈബ്രിഡ് മുതല്‍ പൂര്‍ണ്ണമായും വൈദ്യുതിയില്‍ ഓടുന്ന ഇലക്ട്രിക് വാഹനങ്ങള്‍ വരെ റെനോ ഇന്ത്യയില്‍ അവതരിപ്പിക്കും.

2026 ജനുവരിയില്‍ പുറത്തിറക്കിയ പുതിയ ‘റെനോ ഡസ്റ്റര്‍’ ഇതിനോടകം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ഫ്യൂച്ചര്‍റെഡി പദ്ധതിയുടെ ഭാഗമായി ‘ബ്രിഡ്ജര്‍ കണ്‍സെപ്റ്റ്’ എന്ന പുതിയ മോഡലും കമ്പനി അവതരിപ്പിച്ചു. ബി-സെഗ്മെന്റില്‍ ഉള്‍പ്പെടുന്ന ഈ കോംപാക്ട് എസ്യുവി, ഇലക്ട്രിക് പതിപ്പ് ഉള്‍പ്പെടെ വിവിധ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ‘മള്‍ട്ടി-എനര്‍ജി’ വാഹനമായിരിക്കും.

ആകര്‍ഷകമായ രൂപകല്‍പ്പന, വാഹനത്തിനുള്ളിലെ അത്യാധുനിക സാങ്കേതികവിദ്യകള്‍, ഇലക്ട്രിക് എഞ്ചിനുകള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്ന ഉപഭോക്താക്കളുടെ ഒരു വലിയ നിരയെ സൃഷ്ടിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അത്യാധുനിക സാങ്കേതികവിദ്യകള്‍ വാഹനങ്ങളുടെ ഓണ്‍ബോര്‍ഡ് സിസ്റ്റങ്ങളിലും എഞ്ചിന്‍ സംവിധാനങ്ങളിലും ഉള്‍പ്പെടുത്തിക്കൊണ്ട് കൂടുതല്‍ മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കുന്ന ഒരു രീതിയാണ് റെനോ കമ്പനി സ്വീകരിക്കുന്നത്.

ഏഴ് വാഹനങ്ങള്‍ ആര്‍ജിഇപി, ആര്‍ജിഎംപി എന്നീ രണ്ട് അനുബന്ധ പ്ലാറ്റ്ഫോമുകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ഈ രണ്ട് പ്ലാറ്റ്ഫോമുകളും ‘മള്‍ട്ടി-എനര്‍ജി’ സമീപനത്തോടെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപഭോക്തൃ ആവശ്യങ്ങള്‍ അനുസരിച്ച് ഇന്റേണല്‍ കംബഷന്‍ എന്‍ജിനുകള്‍, ഹൈബ്രിഡ് സംവിധാനങ്ങള്‍, പൂര്‍ണ്ണമായും ഇലക്ട്രിക് ആയ എഞ്ചിനുകള്‍ വരെയുള്ള വിവിധ ഓപ്ഷനുകള്‍ ഇവ വഴി നല്‍കാന്‍ സാധിക്കും.

ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിനായി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച സേവനങ്ങള്‍ നല്‍കാനായി അവതരിപ്പിച്ച ‘റെനോ ഫോറെവര്‍’  എന്ന പദ്ധതിയിലൂടെ വിശ്വസ്തതയിലും സേവന നിലവാരത്തിലും അധിഷ്ഠിതമായ ദീര്‍ഘകാല ബന്ധമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഉപഭോക്തൃ അനുഭവം കൂടുതല്‍ ലളിതമാക്കുന്നതിനൊപ്പം ഗുണമേന്മയുള്ള സേവനം ഉറപ്പാക്കാനും ഇത് സഹായിക്കും. ഈ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വാഹനങ്ങള്‍ക്ക് 7 വര്‍ഷത്തെ വാറന്റി ആനുകൂല്യം ലഭിക്കും.

വാഹന നിര്‍മ്മാണ രംഗത്ത് ഇന്ത്യയിലെ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ചെന്നൈയിലെ നിര്‍മ്മാണ യൂണിറ്റിന്റെ പൂര്‍ണ്ണ ഉടമസ്ഥാവകാശം റെനോ ഗ്രൂപ്പ് ഏറ്റെടുത്തു. ഇതോടെ വാഹനങ്ങളുടെ നിര്‍മ്മാണത്തില്‍ പ്രാദേശിക ഘടകങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാനും അനുബന്ധ ഘടകങ്ങള്‍ വിതരണം ചെയ്യുന്നവരുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാനും കമ്പനിക്ക് സാധിക്കും. ഇന്ത്യയിലെ കുറഞ്ഞ നിര്‍മ്മാണച്ചെലവും വിഭവലഭ്യതയും പ്രയോജനപ്പെടുത്തിക്കൊണ്ട് ഈ പ്ലാന്റിനെ റെനോയുടെ ആഗോള കയറ്റുമതി കേന്ദ്രമാക്കി മാറ്റാനാണ് പദ്ധതി. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വാഹനങ്ങളും ഘടകങ്ങളും ലോകത്തെ മറ്റ് റെനോ വിപണികളിലേക്ക്, പ്രത്യേകിച്ച് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്ക് വലിയ തോതില്‍ കയറ്റുമതി ചെയ്യും. അടുത്ത ഒരു ദശകത്തില്‍ കമ്പനിയുടെ വളര്‍ച്ചയിലും മത്സരക്ഷമതയിലും ഇന്ത്യ നിര്‍ണായക പങ്ക് വഹിക്കും.