
പാലക്കാട് : സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്ന ഇ എൻ സുരേഷ്ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റ് പാർട്ടികൾ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരാണെന്നും ആ ബോധ്യത്തിലാണ് സിപിഎം ഇത്തരത്തിൽ ഒരു നടപടി എടുത്തതെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
ആൺ- പെൺ ബന്ധങ്ങളെ സംബന്ധിച്ച് ഏറ്റവും ശരിയായ കാഴ്ചപ്പാടാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളത്. പാർട്ടിക്ക് അകത്തും പുറത്തുമുള്ള സ്ത്രീകളെ എങ്ങനെ കാണണമെന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
എന്നാൽ, പാലക്കാട് ജില്ലാ സെക്രട്ടറിയെ മാറ്റിയത് തെറ്റ് തിരുത്തലിന്റെ ഭാഗമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചത്. തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനും ക്ഷണിക്കേണ്ടവരെ ക്ഷണിക്കാനുമാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ വിളിച്ചു ചേർക്കുന്നത്. സുരേഷ് ബാബുവിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചിട്ടില്ലെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
സുരേഷ് ബാബുവിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്നാണ് പാലക്കാട്ടെ പുതിയ ജില്ലാ സെക്രട്ടറി വി ചെന്താമരാക്ഷനും പറഞ്ഞത്. സംസ്ഥാന നേതൃത്വത്തിന് മുന്നിലും പരാതികൾ ലഭിച്ചിട്ടില്ല. സ്വയം മാറി നിൽക്കുകയാണെന്നാണ് സുരേഷ് ബാബു ആവശ്യപ്പെട്ടത്. യുവതിയുടെ പരാതി എന്നത് മാധ്യമ വാർത്ത മാത്രമാണെന്നും പാലക്കാട് വിഭാഗീയത ഇല്ലെന്നും ചെന്താമരാക്ഷൻ അവകാശപ്പെട്ടു.
