ഹോം ലോൺ പലിശ നിരക്കിലെ കുറവ് കണ്ട് മറ്റൊരു ബാങ്കിലേക്ക് വായ്പ മാറ്റുന്നത് പലപ്പോഴും ആകർഷകമായി തോന്നാം. എന്നാൽ, കൃത്യമായ കണക്കുകൂട്ടലുകൾ ഇല്ലാതെ ഈ നീക്കം നടത്തിയാൽ ലാഭത്തിന് പകരം വലിയ സാമ്പത്തിക നഷ്ടമാകും സംഭവിക്കുക. ബാലൻസ് ട്രാൻസ്ഫർ ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ നൽകുന്നു.
പലിശ നിരക്ക് മാത്രം നോക്കരുത്
ബാങ്കുകൾ പരസ്യപ്പെടുത്തുന്ന കുറഞ്ഞ പലിശ നിരക്ക് മാത്രം കണ്ട് തീരുമാനമെടുക്കരുത്. പ്രൊസസിംഗ് ഫീസ്, ലീഗൽ ചാർജ്ജ്, വാല്യൂവേഷൻ ഫീസ് എന്നിങ്ങനെയുള്ള അധികച്ചെലവുകൾ ഇതിനായി വരുന്നുണ്ട്. നിലവിലെ പലിശയും പുതിയ പലിശയും തമ്മിൽ നേരിയ വ്യത്യാസം മാത്രമേ ഉള്ളൂവെങ്കിൽ, ഈ അധിക ഫീസുകൾ കാരണം നിങ്ങൾക്ക് നഷ്ടമാകും സംഭവിക്കുക.
വായ്പാ കാലാവധിയുടെ ഘട്ടം
ലോൺ കാലാവധിയുടെ ആദ്യ വർഷങ്ങളിലാണ് ട്രാൻസ്ഫർ ചെയ്യുന്നത് എങ്കിൽ നിങ്ങൾക്ക് വലിയ തുക ലാഭിക്കാം, കാരണം അക്കാലത്താണ് പലിശ കൂടുതലായി ഈടാക്കുന്നത്. എന്നാൽ കാലാവധി തീരാറായ ഘട്ടത്തിൽ മാറുന്നത് അത്ര ലാഭകരമല്ല, കാരണം പലിശയുടെ വലിയൊരു ഭാഗം നിങ്ങൾ ഇതിനകം തന്നെ അടച്ചുതീർത്തിട്ടുണ്ടാകും.
പരസ്യങ്ങളിലെ പലിശ നിരക്കിലെ യാഥാർത്ഥ്യം
പരസ്യത്തിൽ കാണുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്ക് എല്ലാവർക്കും ലഭിക്കണമെന്നില്ല. നിങ്ങളുടെ സിബിൽ സ്കോർ, വരുമാനം, വായ്പാ തിരിച്ചടവ് ചരിത്രം എന്നിവ പരിശോധിച്ച ശേഷമേ ബാങ്ക് അന്തിമ നിരക്ക് നിശ്ചയിക്കൂ. സാമ്പത്തിക സ്ഥിതിയിൽ വ്യത്യാസമുണ്ടെങ്കിൽ പരസ്യത്തിലെ നിരക്ക് ലഭിക്കണമെന്നില്ല.
ഇഎംഐ കുറയുന്നത് എപ്പോഴും ലാഭമല്ല
ബാലൻസ് ട്രാൻസ്ഫർ വഴി പ്രതിമാസ ഇഎംഐ കുറയുന്നത് ആശ്വാസകരമായി തോന്നാം. എന്നാൽ ചിലപ്പോൾ ലോൺ തിരിച്ചടവ് കാലാവധി നീട്ടുന്നത് കൊണ്ടാകാം ഇഎംഐ കുറയുന്നത്. തിരിച്ചടവ് കാലാവധി കൂടുമ്പോൾ മൊത്തത്തിൽ ബാങ്കിലേക്ക് അടച്ചുതീർക്കേണ്ടി വരുന്ന പലിശ നിരക്ക് വൻതോതിൽ വർദ്ധിക്കും. ഇത് ദീർഘകാലാടിസ്ഥാനത്തിൽ വലിയ നഷ്ടമുണ്ടാക്കും. വായ്പ മാറ്റുന്നതിന് മുൻപ് പലിശ നിരക്ക്, ബാക്കി നിൽക്കുന്ന കാലാവധി, മറ്റ് ഫീസുകൾ എന്നിവ കൃത്യമായി താരതമ്യം ചെയ്ത ശേഷം മാത്രം അന്തിമ തീരുമാനമെടുക്കുക.
