തിരുവനന്തപുരം: യുവതിയോട് ബസിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ വി. ശിവൻകുട്ടിയുടെ മുൻ ഗൺമാൻ പ്രജീഷ് എസ്. നായർക്ക് സസ്പെൻഷൻ. രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതി ഇരുന്ന സീറ്റിന്റെ തൊട്ടുപിന്നിലിരുന്ന പ്രജീഷ്, സീറ്റിന്റെ വശത്തുകൂടി കൈയിട്ട് യുവതിയുടെ ശരീരത്തിൽ സ്പർശിച്ചെന്നാണ് ആരോപണം. യുവതി സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും പിന്നീട് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് തലത്തിൽ അന്വേഷണം നടത്തിയത്.
എസ്എപി അസിസ്റ്റന്റ് കമാൻഡിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രജീഷിന്റെ ഭാഗത്ത് ഗുരുതരമായ പെരുമാറ്റദൂഷ്യം ഉണ്ടായതായി കണ്ടെത്തി. ഇയാളുടെ നടപടി പൊലീസിന്റെ അന്തസ്സിന് നിരക്കാത്തതാണെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്.
