ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിലും ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) ജന്തർ മന്തറിൽ നടത്തിയ രണ്ടാം പ്രതിഷേധത്തിൽ വൻ ജനപങ്കാളിത്തം. ശനിയാഴ്ച നടന്ന പ്രതിഷേധത്തിൽ വിദ്യാർഥികളും പിന്തുണയ്ക്കുന്നവരുമായി എത്തിയ നൂറുകണക്കിനാളുകൾ പ്ലേറ്റും സ്പൂണും കൈയിൽ കരുതിയിരുന്നു. ‘ഗോ പ്രധാൻ ഗോ’ എന്ന് മുദ്രാവാക്യവും അവർ ഉയർത്തി. ‘ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം’ എന്ന പോസ്റ്ററുകളും പ്രതിഷേധക്കാർ ഉയർത്തി. ‘ഗോ പ്രധാൻ ഗോ’ എന്ന് ആക്രോശിച്ചുകൊണ്ട് സ്റ്റീൽ പാത്രങ്ങൾ മുഴക്കി അവർ പ്രതിഷേധം ശക്തമാക്കി. എൻടിഎയെ പിരിച്ചുവിടണമെന്നും മറ്റുമുള്ള ആവശ്യങ്ങളും ബാനറുകളിൽ ഉണ്ടായിരുന്നു.
അതേസമയം, മന്ത്രി രാജിവയ്ക്കാതെ ജന്തര്‍ മന്തര്‍ വിടില്ലെന്ന് അഭിജീത് ദിപ്കെ അറിയിച്ചു. പ്രതിഷേധത്തിന് വൈകിട്ട് 5 വരെയാണ് പൊലീസ് അനുമതി നല്‍കിയിരിക്കുന്നത്.
‘‘കൊറോണ വൈറസിനെ ഓടിക്കാൻ വൈബ്രേഷൻ ഉണ്ടാക്കാമെന്നു പറഞ്ഞു. അതുകൊണ്ടാണ് എന്റെ സുഹൃത്തുക്കൾ ഒരു പുതിയ കണ്ടുപിടിത്തം നടത്തിയത്. ധർമേന്ദ്ര പ്രധാൻ എന്നൊരു വൈറസ് വിദ്യാഭ്യാസ സംവിധാനത്തിൽ ഉണ്ടെന്ന് അവർ പറഞ്ഞു’’ – കോവിഡ് ലോക്‌ഡൗൺ കാലത്തെ പ്ലേറ്റും സ്പൂണും പ്രയോഗത്തെ പരിഹസിച്ച് സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ ആദ്യ പ്രതിഷേധത്തേക്കാൾ വൻ ജനത്തിരക്കാണ് ഇത്തവണ ഉണ്ടായത്. ഡൽഹിയുടെയും അയൽ സംസ്ഥാനങ്ങളുടെയും വിവിധ ഭാഗങ്ങളിൽനിന്നാണ് പിന്തുണയ്ക്കുന്നവർ എത്തിച്ചേർന്നിട്ടുള്ളത്.
പ്രതിഷേധത്തിനു മുന്നോടിയായി ദേശീയ തലസ്ഥാനത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയത്. ജന്തർ മന്തറിനും ചുറ്റുമുള്ള റോഡുകൾക്കും ഒന്നിലേറെ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. നഗരത്തിലെ പ്രധാന എൻട്രി – എക്സിറ്റ് പോയിന്റുകളിൽ വാഹന പരിശോധന നടത്തി. ഡൽഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഫീൽഡ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. ക്രമസമാധാനം ഉറപ്പാക്കാൻ റിസർവ് സേനയെയും സജ്ജമാക്കിയിരുന്നു. പ്രതിഷേധ വേദിയിലും പരിസരത്തും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. നടപടികൾ രേഖപ്പെടുത്താനും സുതാര്യത ഉറപ്പാക്കാനും പൊലീസുകാർ 270 ബോഡി വോൺ ക്യാമറകളും ഉപയോഗിക്കുന്നുണ്ട്. പ്രതിഷേധത്തിന് സിജെപിക്ക് അനുമതി ലഭിച്ചിരുന്നു.
